കൊല്ലങ്കോട് (പാലക്കാട്): വീടുകൾ ഇല്ലാത്ത പ്രദേശത്തിലൂടെ മേൽപാലം സ്ഥാപിക്കാൻ സർവേ നടത്തണമെന്ന് നാട്ടുകാർ. ഊട്ടറ റെയിൽവേ മേൽപാലം നിർമാണത്തിനായി നടത്തിയ സർവേയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരോടാണ് ബദൽ സംവിധാനങ്ങൾ നാട്ടുകാർ ആരാഞ്ഞത്.
16 വീടുകൾ നഷ്ടമാകുന്ന നിലവിലെ പദ്ധതി ഊട്ടറ ഇറിഗേഷൻ ക്വാർട്ടേഴ്സ് വഴി ട്രാക്ക് കടന്ന് സ്വകാര്യ കുളത്തിനു മുകളിലൂടെയായാൽ ഒരു വീടുപോലും ബാധിക്കപ്പെടുകയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കൊല്ലങ്കോട്- - പാലക്കാട് റോഡിൽനിന്നും 20 മീറ്ററിലധികം മാറിയാണ് നിലവിൽ റെയിൽവേ മേൽപാലത്തിന് സർവേ നടത്തിയത്. സർവേ നടത്തിയ പ്രദേശത്തുനിന്ന് 20 മീറ്റർ മാറി മേൽപാലം സ്ഥാപിച്ചാൽ വീടുകൾ നഷ്ടമാകാതെ സംരക്ഷിക്കാമെന്ന് ചൂണ്ടിക്കാട്ടി കലക്ടർക്ക് പരാതി നൽകാൻ തയാറെടുക്കുകയാണ് നാട്ടുകാർ.
അതേസമയം, ഗായത്രി പുഴപ്പാലം, ഊട്ടറ റെയിൽവേ മേൽപാലം എന്നിവയുടെ നിർമാണത്തിന് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതികൾ കലക്ടർക്ക് നൽകാമെന്ന് അധികൃതർ അറിയിച്ചു. പൊതുമരാമത്ത്, കിഫ്ബി, റവന്യൂ വകുപ്പ് സംയുക്ത പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
ഊട്ടറ ഗായത്രി പുഴപ്പാലം, റെയിൽവേ മേൽപാലം എന്നിവയുടെ നിർമാണത്തിനായി സർവേ നടത്തി അതിർത്തിക്കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. ലോക്ഡൗണിനു മുമ്പ് കലക്ടറേറ്റിൽ നടന്ന ജനപ്രതിനിധികളുടെയും വിവിധ വകുപ്പകളുടെയും സംയുക്ത യോഗ തീരുമാനപ്രകാരമാണ് സർവേ പൂർത്തീകരിച്ചതെന്ന് അധികൃതർ പറഞ്ഞു. വീടുകൾ ഏറ്റെടുക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടത്തിന് മാർക്കറ്റ് വിലയുടെ ഇരട്ടി തുക നൽകും. വീടുകൾ കൂടുതൽ നഷ്ടമാകാതെയാണ് സർവേ നടത്തിയത്. പത്ത് വീടുകൾ മാത്രമാണ് നഷ്ടമാകുക. 447.3 മീറ്റർ നീളവും 10.2 മീറ്റർ വീതിയുമാണ് റെയിൽവേ മേൽപാലത്തിനുള്ളത്. 190.5 മീറ്റർ നീളവും 11.5 മീറ്റർ വീതിയുമാണ് ഗായത്രി പുഴപ്പലത്തിനുള്ളത്.
രണ്ട് പാലങ്ങൾക്കും ഒന്നര മീറ്റർ കാൽനടയാത്രക്കുള്ള ഫൂട്ട് പാത്തും ഉണ്ടാവുമെന്ന് കിഫ്ബി പ്രതിനിധി എം.എസ്. ബിജുകുമാർ പറഞ്ഞു. നാട്ടുകാരുടെ പരാതി പരിഹരിക്കാൻ വടവന്നൂർ പഞ്ചായത്തിൽ ഉദ്യോഗസ്ഥരുടെ ജനസമ്പർക്ക പരിപാടിയുണ്ടാകുമെന്നും പദ്ധതിയുടെ ചുമതലയുള്ള തഹസിൽദാർ എം.വി. മാത്യു പറഞ്ഞു. സർവേയർ മുഹമ്മദ് റാഫി എൻജിനീയർ ആഷിഖ്, സി. നിഥിൻ യാഖൂബ്, ഇ.എ. ആഷിദ് എന്നിവർ പങ്കെടുത്തു.
റെയിൽവേ മേൽപാലം സർവേ നടത്തിയവർ വീട്ടുകാരുടെ അനുവാദം വാങ്ങാതെ വീടുകളിൽ കടന്നുവെന്ന് പരാതി. കഴിഞ്ഞ ആഴ്ചയാണ് ഊട്ടറ റെയിൽവേ മേൽപാലം സർവേക്കല്ല് സ്ഥാപിക്കാൻ കിറ്റ്കോയുടെ ഉദ്യോഗസ്ഥർ എത്തിയത്.
വീട്ടുകാരുടെ അനുവാദമില്ലാതെ അകത്തു കടന്നാണ് കല്ലുകൾ സ്ഥാപിച്ചതെന്നും സ്ത്രീകൾ ചോദ്യം ചെയ്തപ്പോൾ പൊലീസിൽ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയതായും നാട്ടുകാർ ആരോപിച്ചു. തുടർന്ന് വടവന്നൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. സക്കീർ ഹുസൈൻ എത്തി ഉദ്യോഗസ്ഥരുമായി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.