കൊല്ലങ്കോട്: ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാൻ ഉൾപ്പെടെ രണ്ട് പേരെ ആക്രമിച്ചു. വ്യാഴാഴ്ച രാവിലെ 11ഓടെ നണ്ടൻകിഴായയിൽനിന്ന് കാൽനടയായി പല്ലശ്ശന പഴയകാവ് ക്ഷേത്രത്തിൽ തൊഴുത് തിരിച്ച് നണ്ടൻകിഴായയിലേക്ക് പോകുന്നതിനിടെയാണ് കണ്ണന്നൂർ കടവ് പാലത്തിനടുത്ത് വെച്ച് പാർഥസാരഥിയെന്ന കൊമ്പൻ ഇടഞ്ഞത്. ഒന്നാം പാപ്പാൻ എരുമയൂർ മണി (51), എലിഫൻറ് സ്ക്വാഡിലെ മുൻനിര പ്രവർത്തകനായ തഴക്കുളം മനോജ് (52) എന്നിവർക്ക് തളക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റു.
ഇടഞ്ഞ കൊമ്പനെ റോഡിൽ വെച്ച് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിടെ ഒന്നാം പാപ്പാനെ തുമ്പിക്കൈ കൊണ്ട് തട്ടിത്തെറിപ്പിച്ച് ഓടുകയായിരുന്നു. രണ്ട് കിലോമീറ്ററോളം ഓടിയ കൊമ്പൻ കൊല്ലംപൊറ്റയിൽ സ്വകാര്യ പറമ്പിലാണ് എത്തി നിന്നത്. നാല് മണിക്കൂർ കൊല്ലംപൊറ്റ നിവാസികളെ ആശങ്കയിലാഴ്ത്തിയ ആനയെ എലിഫന്റ് ഓണേഴ്സ് അസോസിയേഷനിലെ എലിഫൻറ് സ്ക്വാഡ് പ്രവർത്തകർ എത്തി രണ്ടര മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് തളച്ചത്.
ഇതിനിടെ സ്ക്വാഡ് പ്രവർത്തകനായ വാഴക്കുളം മനോജിനെ ആന പിന്തുടർന്ന് കുത്താൻ ശ്രമിച്ചു. രണ്ട് കൊമ്പുകൾക്കിടയിൽപെട്ടതിനാൽ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായാണ് മനോജ് രക്ഷപ്പെട്ടത്. തുടർന്ന് സാഹസികമായ നീക്കങ്ങൾക്കൊടുവിലാണ് കൊമ്പനെ തളക്കാനായത്. വനം വകുപ്പും പൊലീസും ജനങ്ങളെ നിയന്ത്രിക്കാൻ നന്നേ പരിശ്രമിച്ചു. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ വൈകീട്ട് മൂന്നിനാണ് ആനയെ തളക്കാനായത്.
പരിക്കേറ്റ ഒന്നാം പാപ്പാനെയും സ്ക്വാഡ് പ്രവർത്തകനെയും നെന്മാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കൊല്ലങ്കോട് സർക്കിൾ ഇൻസ്പെക്ടർ എ. വിപിൻദാസ് പറഞ്ഞു. ആനയുടെ ഫിറ്റ്നസ് രേഖകൾ പരിശോധിക്കുമെന്ന് കൊല്ലങ്കോട് സെക്ഷൻ ഫോറസ്റ്റർ മണിയൻ പറഞ്ഞു. സബ് ഇൻസ്പെക്ടർ ഷാഹുലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വട്ടേക്കാട്-പല്ലശ്ശന റോഡിലെ ഗതാഗതം തടസ്സപ്പെടുത്തിയാണ് ആനയെ തളക്കൽ നടപടികൾ പുരോഗമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.