കൊല്ലങ്കോട്: പുലി സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് തെരുവുവിളക്കുകൾ പ്രകാശിക്കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമാകുന്നു. ചീരണി, കാളികുളമ്പ്, കൊശവൻകോട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഒരു വർഷത്തോളമായി തെരുവുവിളക്കുകൾ കത്താത്തത്. ഒരാഴ്ചയായി കൊശവങ്കോട്, മണ്ണുമട, കാളികുളമ്പ് പ്രദേശങ്ങളിൽ നാട്ടുകാർ പുലിയെ കണ്ടതിനാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഭീതിയിലാണ്. സന്ധ്യയായാൽ പ്രദേശത്തുകാർ പുറത്തിറങ്ങാൻ മടിക്കുകയാണ്.
തെരുവുവിളക്ക് പദ്ധതികൾക്കായി പഞ്ചായത്ത് ലക്ഷങ്ങൾ വകയിരുത്തുമ്പോഴും വെളിച്ചം പുനഃസ്ഥാപിക്കാത്തത് വീട്ടമ്മമാരുടെ പ്രതിഷേധത്തിനിടയാക്കി. ഒരു വൈദ്യുത തൂണിൽ തന്നെ മൂന്ന് ബൾബുകൾ വരെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നുപോലും പ്രകാശിക്കാത്ത അവസ്ഥയാണ്. പ്രകാശിക്കാത്തതും പ്രകാശിക്കുന്നതുമായ എല്ലാ ബൾബുകൾക്കും പഞ്ചായത്ത് വൈദ്യുത ബില്ല് അടക്കുന്നുണ്ട്. പുലി സാന്നിധ്യമുള്ള പ്രദേശത്തെ വൈദ്യുത പോസ്റ്റിൽ എല്ലാ ലൈറ്റുകളും പ്രകാശിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, കൊല്ലങ്കോട് പഞ്ചായത്തിൽ ഉൾപ്പെടുന്ന വട്ടേക്കാട്, അരവന്നൂർപറമ്പ് പ്രദേശത്ത് തെരുവുവിളക്കുകൾ പകലും പ്രകാശിക്കുകയാണ്. നാട്ടുകാർ കെ.എസ്.ഇ.ബിയിലും ഗ്രാമപഞ്ചായത്തിലും വിവരം നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.