കൊല്ലങ്കോട്: വടവന്നൂർ റെയിൽവേ സ്റ്റേഷൻ പ്രവർത്തനസജ്ജമാക്കി തുറക്കണമെന്ന് ആവശ്യം. ബ്രോഡ്ഗേജാക്കി മാറ്റിയ ശേഷം ചില ട്രെയിനുകൾ നിർത്തിയിരുന്നെങ്കിലും കോവിഡിനെ തുടർന്ന് 2019നുശേഷം സ്റ്റേഷനിലെ പ്രവർത്തനം അവസാനിപ്പിക്കുകയായിരുന്നു. പാലക്കാട്-തിരുച്ചെന്തൂർ പാസഞ്ചറാണ് വടവന്നൂരിൽ അവസാനമായി നിർത്തിയിരുന്നത്. നിലവിൽ തിരുച്ചെന്തൂർ പുനഃസ്ഥാപിച്ചെങ്കിലും സ്റ്റോപ് ഇല്ലാതായതോടെ റെയിൽവേ സ്റ്റേഷൻ അടച്ചിട്ടതായി നാട്ടുകാർ പറഞ്ഞു.
ദീർഘദൂര ട്രെയിനുകൾ കൊല്ലങ്കോട് സ്റ്റേഷനെ പോലും ഒഴിവാക്കി സർവിസ് നടത്തിയതോടെ വടകന്നികാപുരം എന്ന പേരിലുള്ള വടവന്നൂർ റെയിൽവേ സ്റ്റേഷൻ അപ്രസക്തമായി. കലക്ഷൻ കുറവ്, കൊല്ലങ്കോട് സ്റ്റേഷനിൽനിന്ന് വളരെ അടുത്ത സ്റ്റേഷൻ എന്നീ കാരണങ്ങളാലാണ് റെയിൽവേ അധികൃതർ വടകന്നികാപുരത്തിനെ അവഗണിച്ചത്. എന്നാൽ, മീറ്റർഗേജ് സർവിസ് നടത്തിയിരുന്ന സമയങ്ങളിൽ വടവന്നൂരിൽ നാല് ടെയിനുകൾ നിർത്തി സർവിസ് നടത്തിയിരുന്നതായി റെയിൽ പാസയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഏറാട്ടിൽ മുരുകൻ പറഞ്ഞു.
സാധാരണക്കാർക്ക് ഗുണകരമായ സ്റ്റേഷൻ അടച്ചിട്ടത് റെയിൽവേ പുനഃപരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ട്രെയിനിനു മാത്രമായി മുപ്പതിലധികം സീസൺ ടിക്കറ്റുകൾ ഉണ്ടായിരുന്ന വടവന്നൂർ റെയിൽവേ സ്റ്റേഷനിൽ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ഗുണകരമായ സമയങ്ങളിൽ രാവിലെയും വൈകുന്നേരങ്ങളിലും പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കണമെന്നാണ് വടവന്നൂർ നിവാസികളുടെ ആവശ്യം. സ്റ്റേഷൻ പരിസരത്ത് ഹൈമാസ്റ്റ് ബൾബ് പ്രവർത്തിപ്പിച്ച് സജീവമാക്കണമെന്നും ആവശ്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.