കൊല്ലങ്കോട്: വടവന്നൂർ റെയിൽവേ സ്റ്റേഷൻ പൂട്ടിയതിലും പൊള്ളാച്ചിയിൽ റിസർവേഷൻ കൗണ്ടർ അടച്ചിട്ടതിലും പ്രതിഷേധ സമരത്തിനൊരുങ്ങി യാത്രക്കാർ. 120 വർഷങ്ങൾക്കു മുമ്പ് 1904ൽ സ്ഥാപിതമായ വടകന്നികാപുരം സ്റ്റേഷന്റെ പേരെഴുതിയ വലിയ ബോർഡ് കഴിഞ്ഞദിവസം മണ്ണുമാന്തി യന്ത്രമെത്തിച്ച് നീക്കി. കഴിഞ്ഞ ദിവസം പൊള്ളാച്ചി റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടറും പൂട്ടി. നഷ്ടത്തിന്റെ പേരിലാണ് പാലക്കാട് ഡിവിഷൻ അധികൃതരുടെ കടുത്ത നടപടി. മീറ്റർ ഗേജ് ഉള്ള സമയം മുതൽ കഴിഞ്ഞ ജൂലൈ വരെ വടവന്നൂർ പഞ്ചായത്തിലെ വടകന്നികാപുരം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു.
അവസാനമായി നിർത്തിയത് തിരുച്ചെന്തൂർ എക്സ്പ്രസായിരുന്നു. പിന്നീട് നാല് മാസമായി ട്രെയിനുകൾ നിർത്താതായി. കരാർ അടിസ്ഥാനത്തിൽ ടിക്കറ്റ് വിൽപ്പനക്കായി താൽക്കാലിക ജീവനക്കാരെ നിയോഗിച്ചിരുന്നതും റദ്ദാക്കി. പാലക്കാട് ഡിവിഷനുകീഴിൽ യാത്രക്കാരുടെ എണ്ണം കുറവായതിനാൽ നിർത്തലാക്കിയതാണെന്നാണ് പാലക്കാട് റെയിൽവേ ഡിവിഷനൽ അധികൃതർ പറയുന്നത്. പൊള്ളാച്ചി റെയിൽവേ സ്റ്റേഷനിൽ മുന്നറിയിപ്പില്ലാതെ റിസർവേഷൻ ടിക്കറ്റ് കൗണ്ടർ പൂട്ടിയതിനാൽ യാത്രാ ടിക്കറ്റ് ലഭിക്കാതെ യാത്രക്കാർ വലഞ്ഞു. എല്ലാ ടിക്കറ്റുകളും ഒരു കൗണ്ടറിലാക്കിയതാണ് യാത്രക്കാർ വലഞ്ഞത്.
ദിനംപ്രതി 24ൽ അധികം ട്രെയിൻ സർവിസുകൾ നടക്കുന്ന പൊള്ളാച്ചി ജങ്ഷനിൽ യാത്ര ടിക്കറ്റ് വിതരണവും റിസർവേഷനും ഒരു കൗണ്ടറിലാക്കിയതിനെതിരെ യാത്രക്കാർ പ്രതിഷേധിച്ചു. ടിക്കറ്റ് എടുക്കാൻ ഒറ്റ കൗണ്ടറിൽ നിൽക്കേണ്ടതിനാൽ ട്രെയിൻ പുറപ്പെടുന്നതിന് ഏതാനും മിനിറ്റ് മുമ്പ് ടിക്കറ്റ് വാങ്ങാൻ പല യാത്രക്കാരും തിരക്കുകൂട്ടുന്നതും തിരക്കിൽ വീഴുന്നതും പതിവായി. കൂടാതെ യാത്രക്കാർ നീണ്ട വരി നിൽക്കേണ്ട സ്ഥിതിയാണ്. പാലക്കാട് ഡിവിഷൻ അധികൃതരുടെ അനാസ്ഥയാണ് വടവന്നൂർ സ്റ്റേഷൻ അടച്ചിടാൻ കാരണമെന്ന് റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എറാട്ടിൽ മുരുകൻ പറഞ്ഞു.
പൊള്ളാച്ചി ജങ്ഷൻ സ്റ്റേഷനിൽ റിസർവേഷൻ കൗണ്ടർ നിർത്തലാക്കാൻ വഴിവെച്ചത് പാലക്കാട് ഡിവിഷൻ അധികൃതരുടെ അനാ സ്ഥയാണെന്ന് പൊള്ളാച്ചി ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷനും ആരോപിച്ചു.
റെയിൽവേയുടെ നടപടിക്കെതിരെ പൊള്ളാച്ചി, ആനമല റോഡ്, കൊല്ലങ്കോട്, പുതുനഗരം സ്റ്റേഷനുകളിലെ യാത്രക്കാരുടെ സംഘടനകൾ സമരത്തിന് തയാറെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.