കൊല്ലങ്കോട്: മുതലമടയിൽ അനുവാദമില്ലാതെ പ്രവർത്തിച്ച മൂന്ന് ക്വാറികൾക്കെതിരെ വിജിലൻസ് നടപടി. നീളിപ്പാറ, ഊർക്കുളംകാട് പ്രദേശത്താണ് ജിയോളജി, പഞ്ചായത്ത്, റവന്യൂ വകുപ്പുകളുടെ അനുവാദമില്ലാതെ പ്രവർത്തിച്ച മൂന്ന് ക്വാറികൾ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ച നാലിന് ആരംഭിച്ച പരിശോധനയിൽ കരിങ്കൽ കയറ്റിയ ടിപ്പറും കാലിയായ രണ്ട് ടിപ്പറുകളും പിടികൂടി. തുടർന്ന് പാലക്കാട് ജിയോളജിസ്റ്റ് രാജീവിന് കൈമാറി.
ജിയോളജി വകുപ്പാണ് മൂന്ന് വാഹനങ്ങൾക്ക് 75,360 രൂപ പിഴയീടാക്കിയത്. വിവിധ വകുപ്പുകളെ കബളിപ്പിച്ചും സ്വാധീനിച്ചും മണ്ണ്, കല്ല് എന്നിവ ഖനനം ചെയ്യുന്നത് സംബന്ധിച്ച് 'മാധ്യമം' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലായി 46ലധികം ക്വാറി, മണ്ണ് ഖനന കേന്ദ്രങ്ങളാണ് അനധികൃതമായി പ്രവർത്തിക്കുന്നത്.
വിജിലൻസ് മധ്യമേഖല ഐ.ജി ജെ. ഹേമേന്ദ്രനാഥിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് പരിശോധന. തുടർദിവസങ്ങളിലും പരിശോധന ഉണ്ടാകുമെന്ന് വിജിലൻസ് ഡിവൈ.എസ്.പി എം. ഗംഗാധരൻ പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ ബോബിൻ മാത്യു, ദേശീയപാത വിഭാഗത്തിലെ അസി. എൻജിനിയർ വിഷ്ണുപ്രദീപ്, എസ്.ഐ വി. സുരേന്ദ്രൻ, എ.എസ്.ഐ കെ. മനോജ് കുമാർ, പി.ആർ. രമേശ്, കെ. സുരേഷ്, പ്രമോദ് തുടങ്ങിയവർ ഏഴര മണിക്കൂർ നീണ്ട പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.