കൊല്ലങ്കോട് (പാലക്കാട്): ഊട്ടറ റെയിൽവേ മേൽപ്പാല നിർമാണവും ഗായത്രി പുഴ പാലത്തിെൻറ പുനർനിർമാണവും കൊല്ലേങ്കാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ്. തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾക്കപ്പുറം ഇവ ചുവപ്പുനാടയിൽ കുരുങ്ങിയതോടെ ഒരു ദേശെമാന്നാകെ ചോദിക്കുകയാണ് 'എന്നുവരും പാലം?' പാലക്കാട്-കൊല്ലങ്കോട് പ്രധാന റോഡിൽ ഊട്ടറ റെയിൽവേ ഗേറ്റിൽ ഗതാഗത തടസ്സം പതിവാണ്. പ്രദേശത്തേക്കുള്ള പ്രധാന റോഡുകളിലൊന്നായ ഇവിടെ ഗേറ്റടക്കുന്നതോടെ ആംബുലൻസുകളക്കം കുരുങ്ങാറുണ്ട്.
ഗേറ്റ് അടക്കുമ്പോൾ ചെറുവാഹനങ്ങൾ കടക്കാൻ കാരപറമ്പ് വഴി അണ്ടർ പാസ് റോഡ് നിർമിച്ചിട്ടുണ്ടെങ്കിലും വളവുകളും തകർന്ന േറാഡും ഇവിടെ ദുരിതം ഇരട്ടിയാക്കുകയാണ്. മേൽപ്പാലത്തിന് പകരം തുരങ്കപ്പാത സ്ഥാപിക്കാനായി നാട്ടുകാർ ഒപ്പ് ശേഖരണം ആരംഭിച്ചെങ്കിലും റെയിൽവേയുടെ ഭാഗത്തുനിന്ന് നിസംഗത നിറഞ്ഞ സമീപനമായിരുന്നു മറുപടി. സംസ്ഥാനത്ത് നിരവധി റെയിൽവേ മേൽപ്പാലങ്ങൾ നിർമിച്ച് പ്രവർത്തനം ആരംഭിച്ചിട്ടും ഊട്ടറയിൽ മാത്രം പാലമെന്ന സ്വപ്നം നീളുകയാണെന്ന് ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഏറാട്ടിൽ മുരുകൻ പറഞ്ഞു.
1935ൽ നിർമിച്ച ഗായത്രിപ്പുഴ പാലത്തിൽ 12ലധികം വിള്ളലുകൾ പൊതുമരാമത്ത് അധികൃതർ സ്ഥിരീകരിച്ചിരുന്നു. 10 വർഷങ്ങൾക്കു മുമ്പ് പാലം തകരാറിലാണെന്ന് കണ്ടെത്തി പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചതല്ലാതെ നടപടികളുണ്ടായില്ല. 10 ടണ്ണിൽ അധികം വരുന്ന വാഹനങ്ങൾ പാലം വഴി കടക്കരുതെന്ന് മുന്നറിയിപ്പ് ഉണ്ടെങ്കിലും അമിതഭാരം കയറ്റിയ ചരക്കു വാഹനങ്ങൾ കൂസലേന്യ കടന്നുപോകുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു.
ഊട്ടറ റെയിൽവേ മേൽപ്പാലം യാഥാർഥ്യമാക്കാനും അതേ റോഡിൽ ഗായത്രി പുഴക്കു കുറുകെയുള്ള വിള്ളലുകൾ രൂപപ്പെട്ട് അപകടഭീഷണിയുയർത്തി നിൽക്കുന്ന പാലത്തിെൻറ പുനർനിർമാണത്തിനുമായി 20 കോടി രൂപ 2017-18 വർഷത്തിലെ ബജറ്റിൽ വകയിരുത്തിയെങ്കിലും തുടർനടപടികൾ മാത്രമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. നാടിെൻറ സ്വപ്നമായ ഇരുപദ്ധതികളും യാഥാർഥ്യമാക്കാൻ അടിയന്തര നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.