കുഴൽമന്ദം: ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളെ കുടുംബശ്രീ സമഗ്ര ശാക്തീകരണത്തിലേക്ക് നയിച്ചെന്ന് മന്ത്രി എം.ബി. രാജേഷ്. കുടുംബശ്രീ മുഖേന കുഴല്‍മന്ദം ബ്ലോക്കില്‍ നടപ്പാക്കുന്ന പട്ടികജാതി വിഭാഗത്തിനുള്ള പ്രത്യേക ജീവനോപാധി പദ്ധതി ‘സമുന്നതി’യുടെ ഉദ്ഘാടനവും പദ്ധതിരേഖാ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പട്ടികജാതി വിഭാഗക്കാര്‍ക്ക് സമഗ്രമായ ജീവിത പുരോഗതി കൈവരിക്കുന്നതിനായി പ്രത്യേക ഇടപെടല്‍ നടത്തുന്നതിന്റെ ഭാഗമായാണ് സമുന്നതി പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ കുഴല്‍മന്ദം ബ്ലോക്കില്‍ 8717 പട്ടികജാതി വിഭാഗം കുടുംബങ്ങളും 359 പട്ടികജാതി വിഭാഗം അയല്‍ക്കൂട്ടങ്ങളുണ്ട്. ഇതില്‍ 6847 വനിതകള്‍ കുടുംബശ്രീ അംഗങ്ങളാണ്. പദ്ധതിയുടെ ഭാഗമായി പുതുതായി 225 അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് 2265 അംഗങ്ങളെ കൂടി അംഗങ്ങളാക്കി എല്ലാവരെയും കുടുംബശ്രീ സംവിധാനത്തിന് കീഴില്‍ കൊണ്ടുവരുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
തേങ്കുറുശി ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗത്തിലെ ആദ്യ അയല്‍ക്കൂട്ടാംഗമായ മാളുവമ്മ, കുത്തനൂര്‍ പഞ്ചായത്തിലെ മുതിര്‍ന്ന അയല്‍ക്കൂട്ട അംഗമായ മുണ്ടിയമ്മ, കുത്തന്നൂര്‍ സി.ഡി.എസിലെ മികച്ച കുടുംബശ്രീ കര്‍ഷക സംഘമായ ഗ്രാമലക്ഷ്മിയിലെ അംഗങ്ങള്‍, പ്രത്യാശ എം.ഇ സംരംഭക ഉഷ, കളരിപ്പയറ്റ് സംസ്ഥാനതല വിജയികളായ ബാലസഭാംഗങ്ങളായ സാനു, ശിശിര എന്നിവരെ മന്ത്രി ആദരിച്ചു.
ലഹരിക്കെതിരെ കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ഒരു വര്‍ഷം നീളുന്ന ക്യാമ്പയിൻ ‘ഉണര്‍വ്’ പോസ്റ്റര്‍ പി.പി. സുമോദ് എം.എല്‍.എ പ്രകാശനം ചെയ്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി അവതരണം നടത്തി. പട്ടികജാതി അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള സി.ഇ.എഫ് സീഡ് ക്യാപ്പിറ്റല്‍ ഫണ്ട് വിതരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പട്ടികജാതി അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള സി.ഇ.എഫ് ലൈവ് ലിവ്ലിഹുഡ് ഫണ്ട് വിതരണം കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ് എന്നിവര്‍ നിര്‍വഹിച്ചു. സി.ഡി.എസുകള്‍ക്കുളള അടിയന്തിര ഫണ്ട് വിതരണം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കുടുംബശ്രീ ഭരണ സമിതി അംഗവുമായ മരുതി മുരുകന് നിര്‍വഹിച്ചു.
കെ.ഡി. പ്രസേനന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ. സതീഷ്, എം. ലത, മിനി നാരായണന്, പ്രവിത മുരളീധരന്, ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. ചന്ദ്രദാസന്‍, കുടുംബശ്രീ പ്രോഗ്രാം ഓഫിസര്‍ ബി.എസ്. മനോജ്, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബെന്‍ട്രിക് വില്യം ജോണ്‍സ്, ജില്ല പട്ടികജാതി വികസന ഓഫീസര്‍ കെ.എസ്. ശ്രീജ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.