പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റത്തിനും ഭൂമാഫിയകൾക്ക് നൽകുന്ന പൊലീസ് സംരക്ഷണത്തിനുമെതിരെ പ്രക്ഷോഭം ആരംഭിക്കുമെന്ന് ആദിവാസി-ദലിത് സംഘടന നേതാക്കൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ ഒന്നിന് കലക്ടറേറ്റ് പടിക്കൽ സത്യഗ്രഹം സംഘടിപ്പിക്കും. ഭൂമി നഷ്ടപ്പെട്ട കുടുംബങ്ങളും പൗരാവകാശ പ്രവർത്തകരും പങ്കെടുക്കും. വൻകിട ഭൂമാഫിയകൾ അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയടക്കുകയാണ്.
രാഷ്ട്രീയ സംവിധാനത്തിന്റെ പിൻബലത്തിൽ കോടതിയേയും പൊലീസിനേയും ഉപയോഗിച്ചുള്ള ആസൂത്രിത ഭൂമി പിടിച്ചെടുക്കലുകളാണ് അട്ടപ്പാടിയിൽ നടക്കുന്നത്.
ആദിവാസി ഭൂമി തട്ടിയെടുക്കുന്നത് എസ്.സി/എസ്.ടി നിയമപ്രകാരം കുറ്റകൃത്യമാണെങ്കിലും കുറ്റം ചെയ്യുന്ന ഭൂമാഫിയകൾക്ക് പല കേസുകളിലും പൊലീസും തുറന്ന പിന്തുണ നൽകുകയാണ്. പടിഞ്ഞാറൻ അട്ടപ്പാടിയിൽ വനാവകാശ നിയമം ദുർബലപ്പെടുത്തി വനംവകുപ്പ് ആദിവാസി ഭൂമി കൈവശപ്പെടുത്തുകയാണെന്നും നേതാക്കൾ ആരോപിച്ചു. 1960കളിൽ സെറ്റിൽമെന്റ് രജിസ്റ്ററിൽ ആദിവാസി ഭൂമിയെന്ന് രേഖപ്പെടുത്തിയ ഭൂമിയുടെ എല്ലാ ക്രയവിക്രയങ്ങളും ഒരു ഉന്നത ഏജൻസിയെകൊണ്ട് അന്വേഷിപ്പിക്കണം. വാർത്തസമ്മേളനത്തിൽ ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോഓഡിനേറ്റർ എം. ഗീതാനന്ദൻ, വട്ടുലക്കി ഊരിലെ സൊറിയൻ മൂപ്പൻ, സി.ജെ. തങ്കച്ചൻ, കെ. മായാണ്ടി, പൊട്ടിക്കല്ല് ഊരിലെ വള്ളി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.