കാഞ്ഞിരപ്പുഴ (പാലക്കാട്): മാതാപിതാക്കൾക്കൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ പോയ യുവാവിനെ കൊടുംകാടിന് നടുവിൽ കാണാതായ സംഭവത്തിൽ ആശങ്ക നീങ്ങിയത് 10 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ യുവാവിനെ ആനമൂളി ഭാഗത്ത് കണ്ടെത്തിയതോടെ. കാഞ്ഞിരപ്പുഴ പാമ്പാൻതോട് കോളനിയിലെ വെള്ള-കമലു ദമ്പതികളുടെ മകൻ പ്രസാദിനെ (21) കണ്ട് കിട്ടിയ സന്തോഷത്തിലാണ് കോളനിവാസികളും നാട്ടുകാരും.
ബുധനാഴ്ച രാവിലെയാണ് മാതാപിതാക്കളും സഹോദരി പ്രവീണയും അടങ്ങിയ സംഘത്തോടൊപ്പം ചീനിക്ക പറിക്കാൻ പോയത്. മൂന്നംഗ സംഘം വീട്ടിലെത്തിയെങ്കിലും രാത്രി ഇരുട്ടിയിട്ടും മകൻ വരാത്ത വിഷമത്തിലായിരുന്നു വീട്ടുകാർ. കോളനിവാസികൾ ബുധനാഴ്ച രാത്രി പരിസരത്ത് തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ആളെ കണ്ടിരുന്നില്ല.
വ്യാഴാഴ്ച രാവിലെയും പ്രസാദ് വീട്ടിലെത്തിയിരുന്നില്ല. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ്, വനംവകുപ്പ്, അഗ്നി രക്ഷാ സേന, സിവിൽ ഡിഫൻസ്, കോളനിവാസികൾ എന്നിവർ ചേർന്ന് പെരുമലയിലും പരിസരങ്ങളിലും മണിക്കൂറോളം തിരച്ചിൽ നടത്തി.
ഒടുവിൽ ആനമൂളി ഭാഗത്ത് വെച്ചാണ് യുവാവിനെ കണ്ടെത്തിയത്. വനത്തിൽ വഴി തെറ്റിയ യുവാവ് ആനമൂളിക്കടുത്ത് കുറുക്കംകുണ്ടിൽ എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.