പാലക്കാട്: നഗരത്തിലെ തിരക്കേറിയ സ്റ്റേഡിയം സ്റ്റാൻഡിൽ മുലയൂട്ടുന്ന അമ്മമാർക്കായി സ്ഥാപിച്ച മദേഴ്സ് റൂം അടഞ്ഞുതന്നെ. സ്വകാര്യ അമ്യൂസ് മെന്റ് പാർക്കിന്റെ സഹായത്തോടെയാണ് നഗരസഭ വർഷങ്ങൾക്ക് മുമ്പ് സ്റ്റേഡിയം സ്റ്റാൻഡിൽ എയ്ഡ് പോസ്റ്റ് കം മദേഴ്സ് റൂം സ്ഥാപിച്ചത്. ഇരിപ്പിടം, ലൈറ്റ്, ഫാൻ എന്നിവയടക്കം സൗകര്യങ്ങളും സജ്ജീകരിച്ചിരുന്നു. സ്റ്റാൻഡിന് മുന്നിലെ പഴയ എയ്ഡ് പോസ്റ്റ് പൊളിച്ചുമാറ്റിയാണ് പോസ്റ്റ് സ്ഥാപിച്ചത്. രണ്ടുവർഷത്തിനിപ്പുറവും ദിനേന ആയിരക്കണക്കിന് യാത്രക്കാർ വന്നുപോകുന്ന സ്റ്റാൻഡിൽ മദേഴ്സ് റൂം പൂട്ടിക്കിടക്കുകയാണെന്ന് യാത്രക്കാർ പറയുന്നു.
താക്കോൽ തൊട്ടടുത്തുള്ള പൊലീസ് എയ്ഡ് പോസ്റ്റിൽ ഏൽപ്പിച്ചതായി അധികൃതർ പറയുമ്പോഴും ഇവിടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ പുറത്ത് പോകുന്നതുകൊണ്ടുതന്നെ അമ്മമാർ അടുത്തുള്ള ഇരിപ്പിടങ്ങളിൽ അഭയംതേടണം. ഇതാകട്ടെ മിക്കപ്പോഴും യാത്രക്കാരുടെ തിരക്കിൽ നിറഞ്ഞ നിലയിലാവും. ഇതോടെ പലരും സ്റ്റാൻഡിൽ ആളില്ലാത്ത ഇടങ്ങൾ തേടി കരയുന്ന കുഞ്ഞുമായി അലയേണ്ട സ്ഥിതിയാണ്.
കോഴിക്കോട്, തൃശൂർ, നിലമ്പൂർ, മഞ്ചേരി ഭാഗത്തേക്കുള്ള നിരവധി ദീർഘദൂര ബസുകളാണ് സ്റ്റേഡിയം സ്റ്റാൻഡിൽ നിന്നും സർവിസ് നടത്തുന്നത്. രാത്രി 8.30വരെ ബസുകൾ സർവിസ് നടത്താറുണ്ടെങ്കിലും എയ്ഡ് പോസ്റ്റിന്റെ സേവനം നേരത്തെ അവസാനിപ്പിക്കാറുണ്ട്. കൈ കുഞ്ഞുങ്ങളുമായെത്തുന്ന ദീർഘദൂരയാത്രക്കാർക്ക് മുലയൂട്ടാനോ വിശ്രമിക്കാനോ സ്റ്റാൻഡിനകത്തെ മദേഴ്സ് റൂം ഉപയോഗിക്കാമെന്നിരിക്കെ താഴുവീണ നോക്കുകുത്തിയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.