മലയോര മേഖലയായ മലമ്പുഴ മണ്ഡലത്തിലെ ജനം കാർഷികവൃത്തിയെ ആശ്രയിച്ച് ജീവിച്ചു പോരുന്നു. അതിനാൽ കാർഷിക മേഖലയിലെ പ്രതിസന്ധിതന്നെയാണ് പ്രധാന പ്രശ്നം. രണ്ടാം വിളയിൽ നെല്ല് സംഭരിച്ചതിന്റെ പണം കൊടുക്കാതിരിക്കുന്ന അവസ്ഥയിൽ വീണ്ടും നെല്ല് കൊയ്ത് സംഭരണത്തിന് കാത്തിരിക്കുകയാണ്. വന്യമൃഗശല്യംമൂലം ഏക്കര് കണക്കിന് ഭൂമി തരിശിട്ടിരിക്കയാണ്. കര്ഷകര് കൃഷി ഉപേക്ഷിച്ചു പോകുന്നു. ക്ഷീര കർഷകർക്കും പരാതികളുണ്ട്.
• കേരളത്തിലെ ഏറ്റവും വലിയ വ്യവസായ ക്ലസ്റ്ററായ കഞ്ചിക്കോട് മേഖലയിലെ വ്യവസായ രംഗം കോവിഡാനന്തര മാന്ദ്യത്തിൽ
• ഗ്രാമീണ റോഡുകളിൽ ജൽജീവൻ മിഷൻ പൈപ്പ് ലൈനിടാൻ കുഴിച്ച കുഴികൾ മൂടാതെ കിടക്കുന്നു
• ദേശീയപാത അട്ടക്കുളം മുതൽ ചന്ദ്രനഗർ വരെ ടെൻഡർ ഏറ്റെടുത്ത റോഡ് നിർമാണക്കമ്പനി കാന അശാസ്ത്രീയമായാണ് കുഴിച്ചത്
• ഭവന-ഭൂരഹിതർ ഏറെയുള്ള എട്ടു പഞ്ചായത്തുകളിലും ലൈഫ് മിഷൻ പദ്ധതി പ്രവർത്തനം മന്ദഗതിയിലാണ്
• വ്യവസായ മേഖലയായ കഞ്ചിക്കോട് കിടത്തിച്ചികിത്സയുള്ള ആശുപത്രിക്ക് വേണ്ടി മുറവിളി ഉയർന്നിട്ട് വർഷങ്ങളായി
• വലിയ മാലിന്യ സംസ്കരണ പ്ലാന്റുകളോ ഇൻസിനറേറ്റർ സംവിധാനങ്ങളോ ഇല്ല. പുതുശ്ശേരി-വാളയാർ ദേശീയപാതയുടെ ഇരുഭാഗത്തും മാലിന്യക്കൂമ്പാരം
• സ്ത്രീസൗഹൃദ പദ്ധതികളോ ഷീ ടാക്സി, ഷീ ലോഡ്ജ്, ഷീ സൂപ്പർമാർക്കറ്റുകൾ എന്നിവയോ ഇല്ല
• കിൻഫ്രയുടെ സ്ഥലത്ത് കൂടുതൽ സ്വകാര്യ സ്ഥാപനങ്ങൾ വരുന്നില്ല. ഒരുകാലത്ത് സജീവമായിരുന്ന പുതുപരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഇല്ലാതായ അവസ്ഥയാണ്.
• ശിരുവാണി ഇക്കോ ടൂറിസം മേഖലയിലേക്ക് അഞ്ചു വർഷമായി നല്ലൊരു റോഡില്ല.
• കല്ലടിക്കോട്, കാഞ്ഞിരപ്പുഴ എന്നിവിടങ്ങളിൽ പഴയ സർക്കാർ ക്വാർട്ടേഴ്സുകളും ബംഗ്ലാവുകളും നശിച്ചുകൊണ്ടിരിക്കുന്നു.
• കോങ്ങാട് അഗ്നിശമന സേനക്ക് സ്ഥലം കണ്ടെത്തിയിട്ട് പത്തുവർഷം പിന്നിട്ടെങ്കിലും ഇപ്പോഴും താൽക്കാലിക കെട്ടിടത്തിൽ
• പഞ്ചായത്ത് തലത്തിൽ കളിസ്ഥലങ്ങൾ മെച്ചപ്പെടുത്തുമെന്ന വാഗ്ദാനവും കടലാസിലൊതുങ്ങി
• കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരുമില്ല
• വ്യവസായ മേഖല തന്നെ മണ്ഡലത്തിൽ ഇല്ല. യുവാക്കൾ തൊഴിൽ തേടി അന്യനാടുകളിൽ ചേക്കേറുന്നു
• വാക്കോട് ഭാഗത്തുനിന്നും പറിച്ചുമാറ്റപ്പെട്ട എസ്.സി, എസ്.ടി കുടുംബങ്ങളിലെ നാലു വീട്ടുകാർക്ക് സർക്കാർ വാഗ്ദാനം ചെയ്ത വീട് ലഭിച്ചില്ല
• ചിറക്കൽപ്പടി -കാഞ്ഞിരപ്പുഴ റോഡ്, കോങ്ങാട് - മണ്ണാർക്കാട് ടിപ്പു സുൽത്താൻ പാത നവീകരണം പാതിവഴിയിൽ
• കാഞ്ഞിരപ്പുഴ ആദിവാസി മേഖലയിലെ കുട്ടികൾക്ക് സ്കൂളിൽ പോകാൻ വാഹനം വേണം
• കാർഷിക മൂല്യവർധിത ഉൽപന്നങ്ങളുടെ സംസ്കരണ യൂനിറ്റിന് നിർദേശമുയർന്നിട്ടും തുടർ പ്രവർത്തനങ്ങളില്ല
• തേൻ, റബർ, ക്ഷീര, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിൽ ഒന്ന് അധിഷ്ഠിതമാക്കി നിർദേശിച്ച വ്യവസായ പാർക്കും വന്നില്ല
• ലക്ഷം വീടുകളുടെ നവീകരണം, ലൈഫ് പദ്ധതിയുടെ സമ്പൂർണ പ്രായോഗികവത്കരണം എന്നിവ ഇനിയും നടന്നിട്ടില്ല.
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന പാലക്കാട് നഗരത്തിൽ അണ്ടർ പാസേജുകളും ഫ്ലൈ ഓവറുകളും അനിവാര്യം. നഗരവികസനത്തിന് ദീർഘവീക്ഷണമുള്ള ഒരു മാസ്റ്റർ പ്ലാൻ വേണം. ഇടുങ്ങിയ റോഡുകളും തിരക്കേറിയ കവലകളും ഗതാഗത വികസനത്തെ വഴിമുട്ടിച്ചു നിൽക്കുന്നു.
നഗരത്തിൽ വേണ്ടത്ര പാർക്കിങ് സൗകര്യമില്ല. ടൂറിസം വികസനം, ഐ.ടി സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ പാലക്കാടിന് എടുത്തുപറയാവുന്ന ഒരു പദ്ധതിയുമില്ല. മെഡിക്കൽ കോളജ് നിർമാണം മുതൽ നിയമനവും നിർവഹണവും വരെ പ്രതിസന്ധികൾ മുഴച്ചുനിൽക്കുന്നു. പ്രഗല്ഭരായ കായികതാരങ്ങൾക്ക് ജന്മം നൽകിയ ജില്ലയായിട്ടും പരിശീലനത്തിന് മികച്ച മൈതാനങ്ങളും ശാസ്ത്രീയ സംവിധാനങ്ങളും വേണ്ടത്രയില്ല.
• ഒലവക്കോട് മുതൽ ചന്ദ്രനഗർ വരെ റോഡ് രണ്ടാം ഘട്ട വികസനം യാഥാർഥ്യമാകണം
• രാജ്യത്തെ ഒരേയൊരു പട്ടികജാതി-വർഗ ഗവ. മെഡിക്കൽ കോളജിലെ നിയമനങ്ങളിൽ അത് കാണാനില്ല
• പഴക്കം ചെന്നതും അശാസ്ത്രീയവുമായ ജലവിതരണ ശൃംഖല വെല്ലുവിളി
• ലൈഫ് പദ്ധതി ഇഴഞ്ഞുനീങ്ങുന്നു. ഗുണഭോക്താക്കളായവർക്കുപോലും ഗഡുക്കൾ മുടങ്ങി
• ജില്ല ആശുപത്രിയിൽ സ്ഥലപരിമിതി, മെഡിക്കൽ കോളജിൽ ഇതുവരെയും കിടത്തിച്ചികിത്സ ആരംഭിക്കാനായിട്ടില്ല
• പാലക്കാട് നഗരത്തിൽ മാലിന്യ പ്രതിസന്ധി രൂക്ഷം. മെഡിക്കൽ കോളജിന് സമീപം സർക്കാർ ഭൂമിയിൽ ജൈവമാലിന്യ സംസ്കരണ പ്ലാന്റ് കൊണ്ടുവരാനുള്ള നഗരസഭ പദ്ധതിയും രാഷ്ട്രീയത്തിന്റെ പേരിൽ ചേരിതിരിഞ്ഞ് കൊമ്പുകോർത്തതോടെ ചുവപ്പുനാടയിലായി
• വിള സപ്ലൈകോക്ക് കൈമാറി പ്രതിഫലത്തിനായി ദീർഘകാലമായി ബാങ്ക് കയറിയിറങ്ങുന്ന കർഷകർ സങ്കടക്കാഴ്ച
• അശാസ്ത്രീയ നിർമാണം കാരണം ആർക്കിയോളജിക്കൽ വിഭാഗത്തിന്റെ അനുമതി ലഭിക്കാതെ നഗരഹൃദയത്തിൽ ആസൂത്രണ ബോർഡിന്റെ ബഹുനിലക്കെട്ടിടം നിൽക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടോളമായി
• നഗരപരിധിയിലുള്ള സുന്ദരം കോളനി പ്രദേശത്ത് ശക്തമായ മഴപെയ്താൽ സമീപത്തെ തോടു നിറഞ്ഞ് വെള്ളം കയറുക പതിവാണ്
മണ്ണാർക്കാട് നഗരത്തിലെ ഗതാഗതപ്രശ്നം പരിഹരിക്കാൻ പതിറ്റാണ്ടുകളായി ഉയരുന്ന ആവശ്യമാണ് ബൈപാസ്. നിലവിലുള്ള മിനി ബൈപാസ് വലിയ വാഹനങ്ങൾക്ക് അപ്രാപ്യമാണ്. മുക്കാലി ചുരം ഉൾപ്പെടെയുള്ളവയുടെ വികസനം കാലതാമസം കൂടാതെ പൂർത്തിയാക്കണം.
മണ്ണാർക്കാട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയെ മികച്ച മാസ്റ്റർ പ്ലാനോടെ ആധുനിക ചികിത്സ സൗകര്യങ്ങളൊരുക്കി വികസിപ്പിക്കണം. ഡോക്ടർമാരുടെ കുറവും പരിഹരിക്കണം. പാത്രക്കടവ്, കുരുത്തിചാൽ, അലനല്ലൂർ പഞ്ചായത്തിലെ വെള്ളച്ചാട്ടങ്ങൾ കേന്ദ്രീകരിച്ച് ടൂറിസം വികസന സാധ്യതയുണ്ട്. അട്ടപ്പാടിയുടെ ടൂറിസം സാധ്യതകൾ പ്രകൃതിക്ക് കോട്ടം തട്ടാതെ ഉപയോഗപ്പെടുത്തണം.
• തെങ്കര ആയുർവേദ ആശുപത്രിയെ താലൂക്ക് ആയുർവേദ ആശുപത്രിയായി ഉയർത്തണം
• അലനല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ വേണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സൗകര്യം വർധിപ്പിക്കണം
• വനാതിർത്തി നിർണയ പ്രശ്നവും കുളപ്പാടം, പയ്യനടം മിച്ചഭൂമി പ്രശ്നവും പരിഹരിക്കണം. വന്യമൃഗശല്യം തടയണം
• കുന്തിപ്പുഴ, നെല്ലിപ്പുഴ സംരക്ഷണവും മാലിന്യനിർമാർജന പദ്ധതികളും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകണം
• പ്രളയത്തിൽ നികന്നുപോയ മണൽശേഖരം മാറ്റി പുഴകൾ ആഴം കൂട്ടണം
• തത്തേങ്ങലം പ്ലാന്റേഷൻ കോർപറേഷൻ ഗോഡൗണിൽ സൂക്ഷിച്ച എൻഡോസൾഫാൻ ശേഖരം ശാസ്ത്രീയമായി നിർവീര്യമാക്കി സംസ്കരിക്കാൻ നടപടി വൈകുന്നു
• മണ്ണാർക്കാട് കേന്ദ്രീകരിച്ച് സർക്കാർ കോളജ്, നെച്ചുള്ളി, വടശ്ശേരിപുറം ഹൈ സ്കൂളുകളിൽ പ്ലസ്ടു ആരംഭിക്കണം
• കോട്ടോപ്പാടം കേന്ദ്രീകരിച്ച് പോളിടെക്നിക് സ്ഥാപിക്കാൻ നടപടി മുന്നോട്ടുപോയില്ല
• മണ്ണാർക്കാട് കേന്ദ്രീകരിച്ച് കാർഷിക വ്യവസായ പാർക്ക് ആരംഭിക്കണം
• ജലസേചനത്തിനായി ആനമൂളി ചെക്ക് ഡാം കാര്യക്ഷമമായി ഉപയോഗിക്കണം
• മുക്കാലി ചുരം റോഡിലെ വ്യൂ പോയന്റുകൾ നവീകരിക്കണം. ചുരത്തിലെ മണ്ണിടിച്ചിൽ ഭീഷണിയും പരിഹരിക്കപ്പെടണം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.