പുതുനഗരം: തുരങ്കപ്പാതയില്ലാത്തതിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്ന വിദ്യാർഥികളടക്കമുള്ള നാട്ടുകാർ ദിനേന കേൾക്കുന്നത് മരണഭീതിയുടെ ചൂളംവിളി. പുതുനഗരം എം.എച്ച്.എസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തുകൂടി കടന്നുപോകുന്ന പാലക്കാട്-പൊള്ളാച്ചി റെയിൽവേ ലൈനിനു കുറുകെയാണ് നൂറുകണക്കിന് വിദ്യാർഥികളടക്കമുള്ളവർ യാതൊരു സുരക്ഷയുമില്ലാതെ കടക്കുന്നത്.
നടപ്പാലമില്ലെങ്കിൽ തുരങ്കപ്പാത നിർമിക്കമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. നടത്തികട്ടയൻ തെരുവിൽനിന്നും മുസ്ലിം ഹൈസ്കൂളിലേക്കുള്ള റോഡിനിടയിലുള്ള റെയിൽവേ ട്രാക്ക് കടന്ന് ദിനം പ്രതി 800ലധികം വിദ്യാർഥികൾ സ്കൂളിലെത്തുന്നത്. ഇതിനു പുറമെ പഞ്ചായത്ത്, വില്ലേജ് ഓഫിസ്, കൃഷിഭവൻ, അക്ഷയ കേന്ദ്രം എന്നിവിടങ്ങിലേക്ക് മുതിർന്നവരും ട്രാക്ക് മുറിച്ച് കടക്കുന്നുണ്ട്. ട്രാക്ക് കടന്നുപോകുന്ന ഭാഗത്ത് പാലം നിർമിക്കണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം റെയിൽവേ ട്രാക്ക് പോലെ നീണ്ടുനീണ്ട് പോവുകയാണ്.
റെയിൽവേ സുരക്ഷ സേനയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ബോധവത്കരണം നൽകുന്നതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ല. വൈദ്യുതീകരിച്ച ലൈനിലൂടെ ട്രെയിനുകൾ അതിവേഗതയിൽ കടക്കുന്നതിനാൽ അപകട സാഹചര്യം കണക്കിലെടുത്ത് ട്രാക്ക് മുറിച്ചുകടക്കരുതെന്നാണ് മുസ്ലിം ഹൈസ്കൂളിൽ ബോധവത്കരണ യോഗത്തിൽ ആർ.പി.എഫ് അധികൃതർ അറിയിച്ചത്. എന്നാൽ, ട്രാക്കിനു കുറുകെ അടിപ്പാതയും മേൽപാലവും ഇല്ലാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് പരിസരവാസികൾ പറഞ്ഞു. സ്കൂൾ, പഞ്ചായത്ത്, വില്ലേജ്, മാവേലി സ്റ്റോർ എന്നിവയുള്ള പ്രധാനവഴിക്കു കുറുകെയുള്ള ട്രാക്ക് മറികടക്കാൻ മേൽപാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.