മുതലമട: പോത്തമ്പാടം ചുടുകാട്ടുവാര കോളനിവാസികളെ ഒഴിപ്പിക്കാൻ പഞ്ചായത്ത് തയാറെടുക്കുന്നതിനെതിരെ പ്രതിഷേധം ശക്തം. രണ്ട് പതിറ്റാണ്ടിലധികമായി മുതലമട ഗ്രാമപഞ്ചായത്ത് 17ാം വാർഡിൽ ഉൾപ്പെട്ട ചുടുകാട്ടുവാര കോളനിയിൽ താമസിക്കുന്ന 16 കുടുംബങ്ങൾക്കാണ് ഒഴിയാൻ നോട്ടീസ് ലഭിച്ചത്.
പഞ്ചായത്തിെൻറ സ്ഥലത്ത് കൈയേറി കുടിലുകൾ നിർമിച്ചു എന്നാരോപിച്ചാണ് നോട്ടീസ്. കുടിൽ കെട്ടി താമസിക്കുന്നവരിൽ ആദിവാസി കുടുംബങ്ങളുമുണ്ട്. നേരത്തേ 22 കുടുംബങ്ങൾ ഇവിടെ കുടിൽകെട്ടി താമസിച്ചിരുന്നു. ഇവരിൽ ചിലർക്ക് പഞ്ചായത്ത് സൗജന്യമായി സ്ഥലവും വീടും നൽകിയതിനാൽ ശേഷിച്ച 16 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഒഴിപ്പിക്കില്ലെന്ന രാഷ് ട്രീയ നേതാക്കളുടെ വാക്ക് വിശ്വസിച്ച് കഴിയവെയാണ് കുടുംബങ്ങൾക്ക് ഇരുട്ടടിയായി പഞ്ചായത്ത് നോട്ടീസ് ലഭിച്ചത്. കോളനിവാസികൾക്ക് വൈദ്യുതിയും കുടിവെള്ളവും പ്രദേശത്തെ സുമനസ്സുകളുടെ ശ്രമത്തിൽ ലഭിച്ചതൊഴിച്ചാൽ നല്ല റോഡ് പോലും ഇവർക്കില്ല.
കുടിലുകൾക്ക് താൽക്കാലിക നമ്പർ ലഭിക്കാത്തതിനാൽ റേഷൻ കാർഡ് ലഭിക്കാത്തവരുമുണ്ട് കൂട്ടത്തിൽ. വീടിനും സ്ഥലത്തിനുമായി അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെയാണ് കോവിഡ് കാലത്ത് പഞ്ചായത്ത് ഭരണസമിതി ഒഴിയാൻ നോട്ടീസ് നൽകിയതെന്ന് കോളനിവാസിയായ രാധാകൃഷ്ണൻ പറഞ്ഞു.
2011ൽ കോളനിവാസികൾ റേഷൻ കാർഡ്, ഭൂമി എന്നിവ ലഭിക്കാൻ ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നു. തുടർനടപടികൾക്ക് പഞ്ചായത്തിലേക്ക് കലക്ടർ പരാതി അയച്ചത ല്ലാതെ നടപടികളുണ്ടായില്ലെന്ന് കോളനിവാസി ശരവണൻ പറഞ്ഞു.
കൈയേറിയ ഭൂമിയിൽ വൈദ്യുതി കണക്ഷൻ നൽകിയത് വിച്ഛേദിക്കണമെന്ന് മുതലമട പഞ്ചായത്ത് സെക്രട്ടറി കെ.എസ്.ഇ.ബിക്ക് കത്ത് നൽകിയതിനാൽ, നടപടികളിലേക്ക് കടക്കുകയാണ് അധികൃതർ. ഒരു തുണ്ട് ഭൂമി പോലുമില്ലാതെ കഴിയുന്നവരെ ഒഴിപ്പിക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.