പാലക്കാട്: ഓണത്തിന് ആഴ്ചകൾ മാത്രം ബാക്കിയിരിക്കെ വിപണിയിൽ തിരക്കേറുന്നു. വസ്ത്രശാലകൾ, ഗൃഹോപകരണ സ്ഥാപനങ്ങൾ, പച്ചക്കറി, പലചരക്ക് കടകൾ തുടങ്ങിയവ സജീവമാണ്. പ്രധാന ഭക്ഷണശാലകളിൽ ഓണസദ്യക്കുള്ള ബുക്കിങ് ആരംഭിച്ചു. സാധാരണക്കാർക്ക് വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കാൻ കൺസ്യൂമർഫെഡ്, സപ്ലൈകോ, ഹോർട്ടികോർപ്, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ ഓണവിപണി ഉടൻ സജീവമാകും.
വസ്ത്ര, ഗൃഹോപകരണ വ്യാപാര സ്ഥാപനങ്ങളിലാണ് കൂടുതൽ തിരക്ക്. ഉപഭോക്താക്കളെ ആകർഷിക്കാൻ വൻ ഓഫറുകളും സമ്മാനങ്ങളുമാണ് പല സ്ഥാപനങ്ങളും പ്രഖ്യാപിച്ചിട്ടുള്ളത്. വിൽപന ഉയർന്നതോടെ കൂടുതൽ സ്റ്റോക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. വരുംദിവസങ്ങളിൽ തിരക്ക് വർധിക്കാൻ സാധ്യതയുള്ളതിനാൽ പല സ്ഥാപനങ്ങളിലും കൂടുതൽ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫിസിലും സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമൊരുക്കാൻ പൂവിപണിയും സജീവമാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് പൂക്കൾ കൂടുതലായി എത്തുന്നത്. സദ്യക്കുള്ള ഇലയും പച്ചക്കറിയും വിൽക്കുന്ന നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ വലിയ അങ്ങാടിയും പതിയെ സജീവമാവുകയാണ്. ബേക്കറിയിലും കുടുംബശ്രീ യൂനിറ്റുകളുടെ നേതൃത്വത്തിലും ചിപ്സ്, ശർക്കരവരട്ടി വിൽപന തകൃതിയാണ്.
കടകളിലെല്ലാം ഓഫറുകളുടെ പെരുമഴക്കാലമാണ്. ഉൽപന്നങ്ങൾക്ക് ആകർഷകമായ ഡിസ്ക്കൗണ്ടുമുണ്ട്. വസ്ത്ര വിപണിയിലും ഇലക്ട്രോണിക്സ് മേഖലയിലുമാണ് ആവശ്യക്കാരേറെ. ബോണസ് കാലമായതിനാലും ഗൃഹോപകരണങ്ങളും ആഭരണങ്ങളും കൂടുതൽ വിറ്റഴിയുന്നതിനാലും വൻ പ്രതീക്ഷയിലാണ് വ്യാപാരികൾ. ഖാദി - കൈത്തറി മേളകൾക്ക് പലയിടങ്ങളിലും തുടക്കമായി. ജി.എസ്.ടി നിബന്ധനകളിൽ അടിക്കടിയുണ്ടാവുന്ന മാറ്റങ്ങളും ഓൺലൈൻ വ്യാപാരവും വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും പ്രതിസന്ധികളെയെല്ലാം തരണം ചെയ്യുന്നതിനുള്ള തയാറെടുപ്പിലാണ് വ്യാപാരികൾ. ഓണക്കാലത്ത് കച്ചവടത്തിൽ 40 - 45 ശതമാനം വർധനയുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.