പാലക്കാട്: സ്വന്തമായി വസ്തുവും വീടുമെന്ന ആവശ്യവുമായി മുതലമട അംബേദ്കർ കോളനി നിവാസികളുടെ സമരം നൂറു ദിവസം പിന്നിട്ടു. ജില്ല ഭരണകൂടവും പഞ്ചായത്ത് ഭരണ സമിതിയും അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് കലക്ടറേറ്റിനു മുന്നിൽ സമരസമിതി പ്രവർത്തകർ നിലത്തുരുണ്ട് പ്രതിഷേധിച്ചു. ബുധനാഴ്ച രാവിലെ കുരുന്നുകൾ ഉൾപ്പെടെ രക്ഷിതാക്കൾക്കൊപ്പം കനത്ത ചൂടിനെ അവഗണിച്ച് റോഡിൽ ഉരുണ്ടു. ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ചക്കിലിയ വിഭാഗത്തിൽപെട്ട 34 കുടുംബങ്ങളാണ് പഞ്ചായത്ത് ഓഫിസിനു മുന്നിൽ ഒക്ടോബർ 12 മുതൽ കുടിൽകെട്ടി സമരം തുടങ്ങിയത്. പ്രശ്ന പരിഹാരത്തിന് ജില്ല ഭരണകൂടം ഇടപെടാത്തതില്‍ പ്രതിഷേധിച്ചാണ് കലക്ടറേറ്റിന് മുന്നിലേക്ക് സമരം മാറ്റിയത്. 92 ദിവസം മുതലമട പഞ്ചായത്തിന് മുന്നിലും നിലവിൽ എട്ട് ദിവസമായി കലക്ടറേറ്റിന് സമീപവും ഇവർ സമരം തുടരുകയാണ്. കോളനിയിലെത്തന്നെ രാഷ്ട്രീയമായി വേണ്ടപ്പെട്ടവർക്ക് മാത്രമാണ് പഞ്ചായത്ത് പദ്ധതികളിൽ ഉൾപ്പെടുത്തി സഹായം നൽകുന്നതെന്ന് സമരസമിതി ആരോപിക്കുന്നു. രാഷ്ട്രീയ അവഗണന ഒഴിവാക്കി അര്‍ഹരായവര്‍ക്ക് സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
ഗോവിന്ദാപുരം അംബേദ്കർ ദലിത് സംരക്ഷണ സമിതിയുടെയും ഭാരതീയ നാഷനൽ ജനതാദൾ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. ഭാരതീയ നാഷനൽ ജനതാദൾ സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോൺ ജോൺ ഉദ്ഘാടനം ചെയ്തു. സമരസമിതി രക്ഷാധികാരി വിളയോടി വേണുഗോപാൽ അധ്യക്ഷനായി. സമരസമിതി ചെയർമാൻ എസ്. ശിവരാജ്, കെ.സി. അശോകൻ, കെ. മായാണ്ടി, ടി.പി. കനകദാസ്, സെയ്ദ് ഇബ്രാഹിം, വി. പത്മമോഹൻ, വി. അനന്തലക്ഷ്മി, എം.സി. തങ്കപ്പൻ, നീളിപ്പാറ മായിയപ്പൻ, എ.എം. ഷിബു, സണ്ണി ഏറ്റൂർ, എസ്. രമണൻ, നൗഫിയ നസിർ എന്നിവർ സംസാരിച്ചു.
കുട്ടികളുമായി പ്രതിഷേധം; ബാലാവകാശ കമീഷൻ കേസെടുത്തു
പാലക്കാട്: മുതലമട -അംബേദ്കര്‍ കോളനി നിവാസികള്‍ പാലക്കാട് കലക്ടറേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തോടനുബന്ധിച്ച് കുട്ടികളുമായി ശയനപ്രദക്ഷിണം ചെയ്ത സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമീഷന് കേസെടുത്തു. ബാലാവകാശ കമീഷന് ചെയര്മാന് കെ.വി മനോജ്കുമാറാണ് സ്വമേധയാ കേസെടുത്തത്. സംഭവത്തില്‍ ജില്ല പൊലീസ് മേധാവി, പൊലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍, ജില്ല ബാലാവകാശ സംരക്ഷണ ഓഫിസര്‍ എന്നിവരോട് കമീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.