ഒറ്റപ്പാലം: സമസ്തക്ക് ചില രാഷ്ട്രീയ പാർട്ടികളോട് വെറുപ്പെന്ന് പ്രചരിപ്പിക്കാൻ ഗൂഢശ്രമം നടക്കുന്നുവെന്ന് സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വാണിയംകുളം ജാമിഅ റഹീമിയ്യ കാമ്പസിൽ സംഘടിപ്പിച്ച സമസ്ത ജില്ല ഉലമ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരം ആരോപണങ്ങൾ അവജ്ഞയോടെ തള്ളിക്കളയണം. സമസ്തയും രാഷ്ട്രീയ പാർട്ടികളും തമ്മിൽ നേരത്തേയുണ്ടായിരുന്ന ബന്ധം അതേപടി തുടരും. സമസ്തക്ക് ഭൗതിക താൽപര്യങ്ങളില്ല. വഹാബി, ജമാഅത്ത് പോലുള്ള സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റിദ്ധരിപ്പിക്കലുകളെ പ്രതിരോധിക്കാൻ സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതർക്ക് പോലും കഴിയാത്ത അവസ്ഥയുണ്ട്. ദീനിന് എതിരെ വരുന്ന പ്രസ്ഥാനങ്ങളുടെ കള്ളത്തരങ്ങൾ വെളിച്ചത്ത് കൊണ്ടുവരാൻ പണ്ഡിതർ മുന്നോട്ടുവരണം.
മനുഷ്യത്വം നഷ്ടപ്പെട്ട ഇസ്രായേൽ, ഫലസ്തീൻ ജനതയോട് നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതി ഹൃദയഭേദകമാണെന്നും മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം സമ്മേളനം പ്രഖ്യാപിച്ചു.
സ്വാഗത സംഘം ചെയർമാൻ പി.കെ. ഇമ്പിച്ചി കോയ തങ്ങൾ പതാക ഉയർത്തി. സമസ്ത വൈസ് പ്രസിഡൻറ് എം.പി. കുഞ്ഞുമുഹമ്മദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു.
സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ, അബ്ദുൽ സലാം ബാഖവി വടക്കേകാട്, എം.ടി. അബ്ദുല്ല മുസ്ലിയാർ എന്നിവർ പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.