ഒറ്റപ്പാലം: പാചക വാതക സിലിണ്ടറുകളുടെ വില കുത്തനെ ഉയർന്ന സാഹചര്യത്തിലും ഉപഭോക്താക്കളിൽനിന്ന് തോന്നിയ പോലെ വിതരണ കടത്തുകൂലി ഈടാക്കുന്നതായി പരാതി. ഉൾനാടൻ ഗ്രാമങ്ങളിലെ വീടുകളിൽനിന്നും നിശ്ചിത തുകയുടെ പലമടങ്ങ് തുകയാണ് വിതരണ ജോലിയിൽ ഏർപ്പെടുന്നവർ തട്ടിയെടുക്കുന്നതെന്നാണ് ആക്ഷേപം.
വിവിധ ഓയിൽ കമ്പനികളുടെ ഏജൻസികൾ ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണെന്നാണ് വിവരം. ഗോഡൗണിൽനിന്ന് അഞ്ച് കിലോമീറ്റർ ദൂരത്തേക്ക് വിതരണത്തിന് കടത്തുകൂലി വാങ്ങാൻ വ്യവസ്ഥയില്ല.
അഞ്ച് മുതൽ 12 കിലോമീറ്റർ ദൂരത്തേക്ക് 30 രൂപയും 12 മുതൽ 20 കിലോമീറ്റർ അകലത്തേക്ക് 35 രൂപയും 20 കിലോമീറ്ററിന് മുകളിൽ 39 രൂപയും ഈടാക്കാനാണ് അനുമതി. എന്നാൽ ഉൾനാടൻ പ്രദേശങ്ങളിലെ വീട്ടമ്മമാരിൽനിന്ന് 150 രൂപ വരെ കടത്തുകൂലിയായി വാങ്ങുന്നുണ്ടെന്നാണ് ആക്ഷേപം.
വിതരണ ജോലിക്കാർ ഈടാക്കുന്നത് അധിക തുകയാണെന്ന് ബോധ്യപ്പെട്ടിട്ടും പ്രതികരിച്ചാൽ സിലിണ്ടർ ലഭ്യമാകുന്നതിൽ കാലതാമസം വരുമെന്ന ആശങ്കയാൽ മൗനം പാലിക്കുകയാണ്. വിതരണ കൂലി പ്രദർശിപ്പിക്കണമെന്നും ബില്ലിൽ രേഖപ്പെടുത്തി നൽകണമെന്നുമാണ് ചട്ടം.
എന്നാൽ ആവശ്യപ്പെട്ടാലും ബിൽ നൽകാറില്ലെന്ന് കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിൽ പരാതി ഉയർന്നിരുന്നു. ബിൽ സഹിതം പരാതി നൽകിയാൽ നടപടി എടുക്കുമെന്നാണ് ബന്ധപ്പെട്ടവർ നൽകിയ മറുപടി. ഗ്യാസ് സിലിണ്ടറിന് കൊള്ള വില ഈടാക്കുന്നതിന് പുറമെ വിതരണക്കാരുടെ ചൂഷണം കൂടി സഹിക്കേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.