ഒറ്റപ്പാലം: കഞ്ചാവിന്റെയും എം.ഡി.എം.എയുടെയും വിപണനവും ഉപയോഗവും മേഖലയിൽ വ്യാപകമാകുമ്പോഴും എക്സൈസ് വകുപ്പ് ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്ന് പരാതി. വല്ലപ്പോഴും നടക്കുന്ന റെയ്ഡിൽ ഉദ്യോഗസ്ഥർക്ക് പിടികൂടാനാവുന്നത് വ്യാജ കള്ളും വാറ്റുചാരായവും മാത്രമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതേസമയം പൊലീസ് നേതൃത്വത്തിൽ നടക്കുന്ന പരിശോധനയിലാണ് കഞ്ചാവും എം.ഡി.എം.എയും പോലെ മാരക ലഹരി വസ്തുക്കൾ പിടികൂടുന്നതെന്നാണ് മറുവാദം. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ, നഗരസഭ ബസ് സ്റ്റാൻഡ് പരിസരം തുടങ്ങിയയിടങ്ങളിൽനിന്ന് എം.ഡി.എം.എ, കഞ്ചാവ് എന്നിവ സഹിതം പൊലീസ് പിടിയിലായവർ നിരവധി എന്നതും വസ്തുതയാണ്.
വിദ്യാലയങ്ങൾക്ക് സമീപം ലഹരിവസ്തുക്കൾ വിൽക്കുന്നത് വ്യാപകമായെന്നും കോയമ്പത്തൂർ ഭാഗത്തുനിന്ന് വരുന്ന കോളജ് ബസുകൾ കൂടി സംശയനിഴലിലുള്ളതിനാൽ ഇവ നിരന്തരപരിശോധനക്ക് വിധേയമാക്കണമെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. ഓണാക്കാലമായ ആഗസ്റ്റിൽ താലൂക്കിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 14.24 കിലോഗ്രാം പുകയില ഉൽപന്നങ്ങളും 66 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 985 ലിറ്റർ വാഷും 45 ലിറ്റർ കള്ളും 7.5 ലിറ്റർ ചാരായവും 165 ഗ്രാം കഞ്ചാവും നാല് വാഹനങ്ങളും പിടികൂടിയിട്ടുണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥൻ താലൂക്ക് വികസന സമിതി യോഗത്തിൽ അറിയിച്ചത്. വിവിധ വകുപ്പുകളുമായി ചേർന്ന് നടത്തിയ ഏഴെണ്ണം ഉൾപ്പടെ 103 പരിശോധനകളിലാണ് ലഹരി വസ്തുക്കളും വാഹനങ്ങളും പിടികൂടിയത്. എന്നാൽ ഇവരുടെ പരിശോധനയിൽ വിദ്യാലയങ്ങൾക്ക് സമീപമുള്ള കടകളിൽ ലഹരിവിൽപന കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് എക്സൈസ് അധികൃതർ നൽകിയ റിപ്പോർട്ട്. ലഹരി വസ്തുക്കൾ സഹിതം പ്രതിയെ പിടികൂടിയാലും ചെറിയ പിഴ ഒടുക്കുന്നതിനപ്പുറം ശിക്ഷ നൽകാൻ നിയമം അനുവദിക്കാത്തത് ഇത്തരം മാഫിയ സംഘങ്ങൾക്ക് തുണയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.