ഒറ്റപ്പാലം: അമൃത് പദ്ധതി പ്രകാരം കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി നഗരസഭയുടെ വിവിധ വാർഡുകളിൽ റോഡുകൾ വെട്ടിപൊളിച്ച ശേഷം പൂർവസ്ഥിയിലാക്കുന്നതിലെ അനാസ്ഥക്കെതിരെ പ്രതിഷേധം രൂക്ഷം. ജിയോ കമ്പനി കേബിളുകൾ സ്ഥാപിക്കുന്നതിന് എടുക്കുന്ന ചാലുകൾ സംബന്ധിച്ചും പരാതികളുണ്ട്.
കേടുപാടുകൾ തീർത്ത പാതകൾ കൂടി വെട്ടിപൊളിച്ച ശേഷം തിരിഞ്ഞുനോക്കാത്ത അവസ്ഥക്കെതിരെ കൗൺസിലർമാരുടെ പ്രതിഷേധം ശക്തമാണ്.
കിള്ളിക്കാവ് വാർഡിലെ സിവിൽ സ്റ്റേഷന് മുന്നിലൂടെ തൃക്കംകോട് ഭാഗത്തേക്ക് പോകുന്ന പാത ജല അതോറിറ്റി വെട്ടിപൊളിച്ച് പൈപ്പ് സ്ഥാപിക്കൽ പൂർത്തിയാക്കി ദിവസങ്ങൾ പിന്നിട്ടിട്ടും പാത പൂർവസ്ഥിതിയിലാക്കുന്നതിന് ജല അതോറിറ്റി തയ്യാറായിട്ടില്ലെന്നും പരിശോധിക്കാൻ നഗരസഭയിലെ മുൻസിപ്പൽ എൻജിനീയറോ ജീവനക്കാരോ തയ്യാറാകാത്തതിലും പ്രതിഷേധിച്ച് വാർഡ് കൗൺസിലർ രൂപ ഉണ്ണി ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗത്തിനിടെ നടുത്തളത്തിൽ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. പാത വെട്ടിപൊളിക്കുന്നതും പൂർവസ്ഥിതിയിലാക്കുന്നതിൽ അനാസ്ഥ കാട്ടുന്നതും നിരീക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയിൽ തോന്നിയപടിയാണ് കാര്യങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഉത്തരവാദിത്വം ജല അതോറിറ്റിക്കാണെന്നിരിക്കെ പരാതിപ്പെട്ടാലും പ്രയോജനമില്ലാത്ത അവസ്ഥയാണ്.
ജിയോ കമ്പനിയുടെ പ്രവൃത്തികൾ പൂർത്തിയാകുന്ന മുറക്ക് പാതയുടെ അറ്റകുറ്റപണികൾ നടത്താനുള്ള തുക നഗരസഭ കെട്ടിവെച്ചിട്ടുണ്ടെന്നും പൂർത്തിയാക്കിയതിന്റെ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് വൈകാൻ കാരണമെന്നും നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് പറഞ്ഞു.
അമൃത് പദ്ധതിയുടെ ഭാഗമായി നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരമായി ജല അതോറിറ്റി അധികൃതരെ വിളിച്ചുകൂട്ടി യോഗം ചേരണമെന്ന ആവശ്യവും ഉയർന്നു. ഒരു വർഷമായി ജിയോ കമ്പനി വിവിധയിടങ്ങളിൽ റോഡുകൾ വെട്ടിപൊളിച്ചിട്ടിരിക്കുന്നതിനെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നു.
ഇവർക്ക് നോട്ടിസ് നൽകാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.