ഒറ്റപ്പാലം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി ഓൺലൈനിൽ പണം തട്ടാൻ ശ്രമം. തിരുവനന്തപുരത്തെ സൈബർ സെല്ലിൽ നിന്നാണെന്ന അറിയിപ്പോടെ കഴിഞ്ഞദിവസം ജീവനക്കാരിക്ക് ഫോൺ ലഭിച്ചിരുന്നു.
മൊബൈൽ ഫോൺ മുഖേന അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അതിനാൽ പൊലീസ് നിരീക്ഷണത്തിലാണ് താങ്കളെന്നുമായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. തുടർന്ന് ഉന്നത ഉദ്യോഗസ്ഥന് ഫോൺ കൈമാറുകയാണെന്നും ചോദ്യങ്ങൾക്ക് വ്യക്തമായ വിവരങ്ങൾ നൽകണമെന്നും തട്ടിപ്പുകാർ നിർദേശിച്ചു.
ഇതിൽ സംശയം തോന്നിയ ജീവനക്കാരി ഫോൺ കട്ട് ചെയ്തു, തുടർന്ന് ഇതേ നമ്പറിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും ലഭ്യമായില്ലെന്ന് പറയുന്നു. ഇതിനുശേഷം ജീവനക്കാരി ഒറ്റപ്പാലം പൊലീസിനെ സമീപിച്ചു. പൊലീസ് പലതവണ വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ലെന്നും ഇതിനിടയിൽ ചാറ്റ് ചെയ്യാമെന്ന് മെസേജ് ഫോണിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.
മെസേജ് വന്നുതുടങ്ങിയതോടെ തട്ടിപ്പിന്റെ ഗതി വ്യക്തമായി. ബാങ്ക് അക്കൗണ്ട് നമ്പർ ഉൾപ്പടെയുള്ള വിവരങ്ങളാണ് മെസേജിൽ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. മറുതലക്കൽ പൊലീസ് ആണെന്ന് തിരിച്ചറിഞ്ഞതോടെ മെസേജ് അയക്കുന്നതും പൊടുന്നനെ നിലച്ചു.
പിന്നീട് ഈ ഫോണിലേക്ക് വിളിയും ഉണ്ടായില്ലെന്ന് പറയുന്നു. ഏതാനും ദിവസം മുമ്പ് സമാന രീതിയിൽ വന്ന ഫോൺ വിളിയെ തുടർന്ന് ഒറ്റപ്പാലത്തെ രണ്ട് ഡോക്ടർമാർ ഉൾപ്പടെ മൂന്ന് പേരുടെ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.