ഒറ്റപ്പാലം: പല തവണ നടന്ന പാത വികസനത്തിനിടയിൽപെട്ട് ‘കുപ്പിക്കഴുത്ത്’ പരുവത്തിലായ അമ്പലപ്പാറ-വേങ്ങശ്ശേരി പാതയിലെ ഇടുങ്ങിയ തോട്ടുപാലങ്ങൾ ഗതാഗതം വീർപ്പുമുട്ടിക്കുന്നു. കയറ്റിറക്കങ്ങളും വളവും സമ്മേളിക്കുന്ന കണ്ണമംഗലം പാലവും പൊതുവായിൽ പാലവുമാണ് ഭീഷണിയായി തുടരുന്നത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ബലക്ഷയം നേരിട്ട പാലങ്ങൾ പുനർനിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ദശാബ്ദങ്ങൾ പഴക്കമുണ്ട്.
പാതക്ക് ആനുപാതികമായി വീതിയില്ലാത്ത പാലങ്ങൾ താണ്ടാൻ വാഹനങ്ങൾക്ക് പലപ്പോഴും കാത്തുനിൽക്കേണ്ടി വരുന്നു. ഒരേ സമയം ഒരു വാഹനത്തിന് മാത്രം കടന്ന് പോകാനുള്ള വീതിയെ പാലങ്ങൾക്കുള്ളൂ. പത്തിരിപ്പാല, കോങ്ങാട് ഭാഗങ്ങളിൽനിന്ന് മണ്ണൂർ, വേങ്ങശ്ശേരി, അമ്പലപ്പാറ വഴിയുള്ള വാഹനസഞ്ചാരത്തിൽ കിലോമീറ്ററുകൾ ലഭിക്കാനാകുമെന്നതാണ് ഇതുവഴിയുള്ള വാഹനങ്ങളുടെ വർധനക്ക് കാരണം.
പാലക്കാട്ടുനിന്ന് അമ്പലപ്പാറ വഴി ഒറ്റപ്പാലത്തേക്കും ചെർപ്പുളശ്ശേരി ഭാഗത്തേക്കും തിരിച്ചും സർവിസ് നടത്തുന്ന റൂട്ട് ബസുകളും ഇക്കൂട്ടത്തിലുണ്ട്. അപരിചിത ഡ്രൈവർമാർക്ക് സഹായകമാകും വിധം ഇരുപാലങ്ങൾക്കും തൊട്ടുകിടക്കുന്ന വളവും ഇറക്കവും സൂചിപ്പിക്കുന്ന സുരക്ഷ ബോർഡുകൾ സ്ഥാപിക്കാനും അധികാരികൾ ശ്രദ്ധിച്ചിട്ടില്ല. എത്രയും വേഗം ഇരു പാലങ്ങളും പുനർ നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.