ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ നിഷേധിക്കുന്നതായ വിമർശനത്തിന്റെ ചൂടാറും മുമ്പേ 85 കാരിയുടെ അഡ്മിഷൻ നിരാകരിച്ച് അധികൃതർ. ഇതുമായി ബന്ധപ്പെട്ട് നഗരസഭ അധ്യക്ഷയുടെ നേതൃത്വത്തിൽ കൗൺസിലർമാർ ആശുപത്രിയിലെത്തി. തുടർന്ന് നടന്ന ചർച്ചയിൽ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ അധികൃതർ തയാറായി. കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് താലൂക്ക് ആശുപത്രിയിലെ സേവനത്തിനെതിരെ കടുത്ത വിമർശനം ഉയർന്നത്. കിടത്തി ചികിത്സ നിഷേധിക്കുന്നതായും മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണെന്നുമായിരുന്നു ആരോപണങ്ങളിൽ ഒന്ന്. വിവിധ വാർഡുകളിലായി 170 രോഗികൾക്ക് കിടത്തി ചികിത്സക്ക് സൗകര്യങ്ങൾ ഉണ്ടെന്നിരിക്കെ 72 പേരാണ് നിലവിൽ ഐ.പി വിഭാഗത്തിൽ ഉള്ളതെന്നായിരുന്നു ആശുപത്രി സൂപ്രണ്ട് യോഗത്തിൽ നൽകിയ മറുപടി. ഇതിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് 85കാരിക്ക് അഡ്മിഷൻ നിഷേധിച്ച സംഭവം.
നഗരസഭ കൗൺസിലർ നേരിട്ട് അറിയിച്ച ശേഷവും കിടത്തി ചികിത്സിക്കാൻ ആശുപത്രി അധികൃതർ തയാറായില്ലെന്ന് പറയുന്നു. ഇവരുടെ ചികിത്സ വിഭാഗവുമായി ബന്ധപ്പെട്ട ഡോക്ടർ ഇല്ലെന്ന കാരണം പറഞ്ഞാണ് അഡ്മിഷൻ നിഷേധിച്ചതെന്നും പറയുന്നു. തുടർന്നാണ് നഗരസഭ അധ്യക്ഷ കെ. ജാനകി ദേവിയുടെ നേതൃത്വത്തിൽ കൗൺസിലർമാർ ആശുപത്രിയിലെത്തിയത്. സ്ഥിരം സമിതി അധ്യക്ഷരായ ടി. ലത, കെ. അബ്ദുൽ നാസർ, കൗൺസിലർമാരായ സജിത്ത് ശോഭന, കല്യാണി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.