ഒറ്റപ്പാലം: കേന്ദ്ര സർക്കാർ നടപ്പാക്കിയ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ( പി.എം.ജെ.എ.വൈ ) പദ്ധതിയിൽ ചികിത്സ നിഷേധം ജനങ്ങളെ വെട്ടിലാക്കുന്നു. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ വർഷത്തിൽ അഞ്ച് ലക്ഷം രൂപയുടെ ചികിത്സ ആനുകൂല്യമാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്.
സമൂഹത്തിലെ സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്ക് ചികിത്സ സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് സ്വകാര്യ ആശുപത്രിക്കാരുടെ നിസ്സഹരണം മൂലം രോഗികളെ വലക്കുന്നത്. പണരഹിതവും പേപ്പർ രഹിതവുമായ ആശുപത്രി സേവനങ്ങൾ ഇതിലൂടെ ലഭിക്കുമെന്നതാണ് പ്രഖ്യാപനം.
സർക്കാർ ആശുപത്രികളിൽ നിന്നും പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്നുണ്ട്. എന്നാൽ പദ്ധതിയിൽ അംഗമായിട്ടുള്ള സ്വകാര്യ ആശുപത്രികളെ സമീപിക്കുമ്പോഴാണ് ഭൂരിഭാഗം ആതുരാലയങ്ങളും വിവിധ കാരണങ്ങൾ പറഞ്ഞ് ചികിത്സ നിഷേധിക്കുന്നത്. ജില്ലയിൽ തന്നെ വിരളം സ്വകാര്യ അശുപത്രികളിൽ മാത്രമാണ് പി.എം.ജെ.എ.വൈ കാർഡിൽ സേവനം ലഭിക്കുന്നത്.
ഇതിൽ തന്നെ എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രികൾ പോലും നിശ്ചിത രോഗങ്ങൾക്ക് മാത്രമായി, ചികിത്സ ആനുകൂല്യം പരിമിതപ്പെടുത്തിയതായും ആക്ഷേപമുണ്ട്. സൗജന്യ ചികിത്സ പ്രതീക്ഷിച്ച് എത്തുന്ന രോഗികൾ ഇതുമൂലം പണം നൽകി ചികിത്സ തേടേണ്ട ഗതികേടിലാണ്.
അല്ലെങ്കിൽ ദൂരദിക്കുകളിലെ ആശുപത്രികളെ ശരണം തേടേണ്ടതായും വരുന്നു. അഞ്ച് ലക്ഷം രൂപ കണക്കിൽ ഉണ്ടെങ്കിലും പാക്കേജിന് പുറത്തുള്ള തുകയെന്ന നിലയിൽ ബാക്കി തുക രോഗി കൈയിൽ നിന്നും അടക്കേണ്ട അവസ്ഥയുമുണ്ട്. കാർഡ് അപ്ലോഡ് ചെയ്യാൻ കഴിയുന്നില്ലെന്ന സ്ഥിരം ന്യായീകരണമാണ് ചികിത്സ നിഷേധിക്കുന്ന ആശുപത്രിക്കാരുടേത്.
ആധാർ കാർഡിൽ ഫോൺ നമ്പരില്ല, കാർഡ് പുതുക്കിയിട്ടില്ല, കൈവിരൽ പതിയുന്നില്ല തുടങ്ങിയ വാദങ്ങളും പണമില്ലാതെ ചികിത്സക്കെത്തിയ രോഗിയെ കൂടുതൽ തളർത്തുന്നു. അതേസമയം, സ്വകാര്യ ഇൻഷുറൻസ് സ്ഥാപനങ്ങളിൽനിന്ന് പ്രീമിയം നൽകിയെടുക്കുന്ന പോളിസിയുടെ കാര്യത്തിൽ ഇതേ ആശുപത്രികൾ തന്നെ രോഗികളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുമുണ്ട്. അർഹതപ്പെട്ട ആനുകൂല്യം നിഷേധിക്കുമ്പോൾ ആരോട് പരാതി പറയുമെന്ന് പോലും അറിയാതെ കുഴങ്ങുകയാണ് നിർധനരായ രോഗികൾ .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.