ഒറ്റപ്പാലം: മാന്നനൂരിൽ റെയിൽവേ ട്രാക്കിനോട് ചേർന്നുണ്ടായ അഗ്നിബാധയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വെള്ളത്തിന്റെ ലഭ്യതക്കുറവ് മൂലം മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണക്കാനായത്. രാവിലെ 11.30 ഓടെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽ തീ പെടുന്നത്.
ഷൊർണൂരിൽ നിന്നെത്തിയ അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടങ്ങി. സ്റ്റേഷൻ പരിസരത്തെ പാടശേഖരങ്ങളിലും കുറ്റിക്കാടുകളിലും പടർന്ന തീ ഇതിനകം റെയിൽവേ ട്രാക്കിലേക്കും വ്യാപിച്ചിരുന്നു.
അഗ്നിരക്ഷ സേനയുടെ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ റെയിൽവേ അധികൃതർ ഷൊർണൂർ-പാലക്കാട് റൂട്ടിൽ മാന്നനൂർ വഴി കടന്നുപോകുന്ന ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. റബർ ഷീറ്റ് പൊതിഞ്ഞ തോട്ടി കൊണ്ടടിച്ചാണ് കൂടുതൽ പ്രദേശങ്ങളിലേക്ക് തീ പടരുന്നത് ഒരുവിധം തടഞ്ഞത്.
അകലെയുള്ള വീടുകളിൽനിന്നും കാനുകളിലും മറ്റും വെള്ളമെത്തിച്ചാണ് അണക്കാൻ ശ്രമം തുടർന്നത്. തീയും പുകയും റെയിൽവേ ട്രാക്കിലേക്ക് പടർന്നതാണ് ട്രെയിൻ സഞ്ചാരത്തെ ബാധിച്ചത്.
പുക അൽപ്പം ശമിച്ച ശേഷമാണ് സമീപത്ത് ചെറിയകുളം രക്ഷാപ്രവർത്തകരുടെ കണ്ണിൽപ്പെട്ടത്. തുടർന്ന് ഇതിൽനിന്നും വെള്ളമെടുത്തു. ഏതാണ്ട് മുക്കാൽ കിലോമീറ്ററോളം ദൂരം റെയിലോരവും വയൽ പ്രദേശത്തെ മരങ്ങൾ അടക്കം കുറ്റിച്ചെടികളും അഗ്നിക്കിരയായി. മാന്നനൂരിൽ നേരത്തെ ചരക്ക് ട്രെയിൻ പിടിച്ചിട്ടിരുന്നു. പാലക്കാട്, ഷൊർണൂർ സ്റ്റേഷനുകളുടെ നിർദേശത്തെ തുടർന്ന് തീ പൂർണമായും അണക്കുന്നത് വരെ ഏതാനും ട്രെയിനുകളും പിടിച്ചിട്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.