ഒറ്റപ്പാലം: ശുദ്ധ ജലവിതരണ പദ്ധതിയുടെ റെയിൽവേ ട്രാക്കിന് അടിയിലൂടെയുള്ള പമ്പിങ് മെയിൻ മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായി അഞ്ച് ദിവസത്തേക്ക് ജല വിതരണം നിർത്തിവെച്ചതിനെതിരെ വ്യാപക പ്രതിഷേധം. ഒറ്റപ്പാലം നഗരസഭ, അമ്പലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിലേക്കുള്ള ജല വിതരണമാണ് ഞായറാഴ്ച രാവിലെ മുതൽ വ്യാഴാഴ്ച വരെ നിർത്തിവെച്ചിരിക്കുന്നത്.
ജല അതോറിറ്റിയുടെ കുടിവെള്ളത്തെ മാത്രം ആശ്രയിക്കുന്നവർക്ക് അഞ്ച് നാൾ വെള്ളം ലഭിക്കാതിരിക്കുന്നത് പ്രയാസമാണെന്നും പെരുന്നാൾ ദിനത്തിൽ പോലും വെള്ളം ലഭ്യമാകാത്ത അവസ്ഥക്ക് പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറിന്റെ നേതൃത്വത്തിൽ ജല അതോറിറ്റി അധികൃതരെ സമീപിച്ചു.
ബുധനാഴ്ചത്തേക്ക് നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി പെരുന്നാൾ ദിവസം വെള്ളം തുറന്ന് വിടാൻ നടപടി സ്വീകരിക്കുമെന്ന് ചർച്ചക്കൊടുവിൽ ജല അതോറിറ്റി അസി. എൻജിനീയർ നാസർ ഉറപ്പ് നൽകിയതായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം.കെ. ജയരാജൻ അറിയിച്ചു. വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ല സെക്രട്ടറി മുഹമ്മദ് സ്വാലിഹ്, എൻ. ഹുസ്സൈനാർ, മുഹമ്മദലി നാലകത്ത്, പി. അനീഷ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. അഞ്ച് ദിവസത്തേക്ക് ജല വിതരണം പൂർണമായും നിർത്തിവെച്ചത് അംഗീകരിക്കാകാത്തതാണെന്ന് നഗരസഭ മുസ്ലിം ലീഗ് കമ്മിറ്റി ആരോപിച്ചു. നിർമാണ പ്രവൃത്തികൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നും ഇക്കാര്യത്തിൽ എം.എൽ.എയുടെ ഇടപെടൽ വേണമെന്നും ലീഗ് നേതാവ് പി.എം.എ ജലീൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.