ഒറ്റപ്പാലം: മൂന്നുവർഷമായി കുടിവെള്ളം കിട്ടാക്കനിയായി തുടരുമ്പോഴും കടമ്പൂർ ഗവ. ഹോമിയോ ആശുപത്രിക്ക് വെള്ളക്കരം അടക്കാനുള്ള ബില്ല് മുടങ്ങാതെ എത്തുന്നു. 2019 നവംബറിലാണ് ആശുപത്രിക്ക് ജല അതോറിറ്റിയുടെ കണക്ഷൻ ലഭിച്ചത്. അന്നൊരു ദിവസം മാത്രം ആശുപത്രിയുടെ ജല സംഭരണിയിൽ കുടിവെള്ളമെത്തിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ ബദൽ സംവിധാനം തേടേണ്ട ഗതികേടിലായി. എന്നാൽ, ഉപയോഗിക്കാത്ത ജലത്തിന്റെ കുടിശ്ശികയായി 4,000 രൂപ അടക്കാൻ ആവശ്യപ്പെട്ട് ബിൽ നൽകിയിരിക്കുകയാണ് വാട്ടർ അതോറിറ്റി അധികൃതർ. താലൂക്ക് വികസന സമിതിയിൽ സ്ഥിരം പരാതിയായി മാറിയ വിഷയമാണിത്.
അമ്പലപ്പാറ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ജൽ ജീവൻ പദ്ധതിയുടെ ജല വിതരണ ശൃംഖലയിലേക്ക് ആശുപത്രി കണക്ഷൻ മാറ്റിസ്ഥാപിച്ചത് കഴിഞ്ഞ ജൂണിലായിരുന്നു. വർഷങ്ങളായി തുടരുന്ന പ്രതിസന്ധിക്ക് പരിഹാരമെന്ന പ്രതീക്ഷയോടെയായിരുന്നിത്. എന്നാൽ, പുതിയ കണക്ഷൻ എടുത്ത് രണ്ടുദിവസം വെള്ളം ലഭിച്ചു. തുടർന്ന് പരാതിയുമായി ജല അതോറിറ്റിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ പരിഹാരമുണ്ടായെങ്കിലും അടുത്തദിവസം മുതൽ കാര്യങ്ങൾ പഴയപടിയിലായി. പ്രാദേശിക പ്രശ്നങ്ങൾ മൂലമാണ് വെള്ളം ലഭിക്കാത്തതെന്നും പരിശോധിച്ച് നടപടി സ്വീകരിക്കാമെന്നുമാണ് ഏറ്റവും ഒടുവിൽ ജല അതോറിറ്റി നൽകിയ മറുപടിയെന്ന് ആശുപത്രി അധികൃതർ പറയുന്നു. കുടിശ്ശിക ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മേയിൽ ജല അതോറിറ്റി അസി. എക്സി. എൻജിനീയർക്ക് അപേക്ഷ നൽകിയിരുന്നു. പ്രവർത്തിക്കാത്ത കണക്ഷനായതിനാൽ ഒഴിവാക്കൽ നടപടി ബുദ്ധിമുട്ടില്ലെന്നായിരുന്നു അധികൃതരുടെ പ്രതികരണമെന്നും എന്നാൽ, ഇക്കാലയളവിൽ അപേക്ഷ പരിഗണിക്കാൻ ഇവർ തയാറായില്ലെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.