ഒറ്റപ്പാലം: തലമുറകളുടെ സ്വപ്ന പദ്ധതിയായ നെല്ലിക്കുറുശ്ശിയിലെ കുതിരവഴി പാലം യാഥാർഥ്യത്തിലേക്ക്. ശേഷിക്കുന്ന പ്രവൃത്തി കൂടി പൂർത്തിയാക്കി ഫെബ്രുവരി അവസാനത്തോടെ നാടിന് സമർപ്പിക്കുമെന്ന് അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ അറിയിച്ചു.
ചിനക്കത്തൂർ പൂരത്തിന്‍റെ പെരുമ വിളിച്ചോതുന്ന 16 കൂറ്റൻ കുതിരക്കോലങ്ങളിൽ ഒരെണ്ണം എഴുന്നള്ളിക്കുന്നത് മുളഞ്ഞൂർ തോടിന് ഇക്കരെയുള്ള നെല്ലികുറുശ്ശി ഗ്രാമത്തിൽ നിന്നാണ്. കുതിരയെ എഴുന്നള്ളിക്കുന്ന കടവിൽ നിർമിച്ച പാലമെന്നതിനാലാണ് കുതിരവഴി പാലമെന്ന് ഔദ്യോഗികമായി അറിയപ്പെട്ടത്. ഭാരമേറിയ കുതിരക്കോലവും വഹിച്ചുള്ള യാതനയേറിയ യാത്രക്കാണ് ഇതോടെ അന്ത്യമാകുന്നത്.
മാർച്ച് ആറിന് നടക്കുന്ന ചിനക്കത്തൂർ പൂരത്തിന് ‘വെള്ളം തൊടാതെ’ കുതിരക്ക് പാലത്തിലൂടെ ഇക്കുറി അക്കര പറ്റാനാകുമെന്ന ആശ്വാസത്തിലാണ് നെല്ലിക്കുറിശ്ശി ഗ്രാമം. 2015-16 വർഷത്തെ സംസ്ഥാന ബജറ്റിൽ നാല് കോടിയും 2020-21ൽ 1.50 കോടിയും ഉൾപ്പെടെ 5.50 കോടി രൂപയുടേതാണ് പദ്ധതി. തോടിന് കുറുകെ സ്ക്രൂബ്രിഡ്ജാണ് നിർമിച്ചിട്ടുള്ളത്.
26 മീറ്റർ നീളമുള്ള പാലത്തിന് നടപ്പാതകൾ ഉൾപ്പെടെ 11 മീറ്റർ വീതിയുണ്ട്. ടാറിങ് ഒഴിച്ചുള്ള പ്രവൃത്തികളെല്ലാം പൂർത്തിയായിട്ടുണ്ട്. ഒറ്റപ്പാലം നഗരസഭയിലെ പാലപ്പുറം ദേശത്തെയും മറുകരയിലുള്ള നെല്ലിക്കുറിശ്ശി ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമാകുന്നതോടെ നെല്ലിക്കുറുശ്ശിയിൽനിന്ന് പാലപ്പുറത്തേക്ക് ചുറ്റിക്കറങ്ങിയുള്ള യാത്ര ഒഴിവാക്കാനാകും.
വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് ആശ്വാസമാണ്.നിരന്തര സമ്മർദങ്ങൾക്കൊടുവിൽ യു.ഡി.എഫ് സർക്കാറിന്‍റെ കാലത്താണ് പാലത്തിന് ഭരണാനുമതി ലഭിച്ചത്. എന്നാൽ നിർമാണ പ്രവൃത്തികൾ ആരംഭിക്കാൻ പിന്നെയും വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.