ഒറ്റപ്പാലം: റവന്യു വകുപ്പ് സംഘടിപ്പിച്ച അദാലത്തിൽ റവന്യു ഡിവിഷനിലെ 476 ഭൂമി തരം മാറ്റൽ ഉത്തരവുകൾ വിതരണം ചെയ്തു. കണ്ണിയംപുറം സി.എസ്.എന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മന്ത്രി കെ. രാജന് ഉദ്ഘാടനം നിര്‍വഹിച്ചു. ഒറ്റപ്പാലം, പട്ടാമ്പി, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകള്‍ ഉള്‍പ്പെട്ട റവന്യു ഡിവിഷനിൽ നിന്നും 1163 അപേക്ഷകളാണ് ലഭിച്ചത്. ബാക്കി അപേക്ഷകള്‍ 10 ദിവസത്തിനകം തീര്‍പ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു.
കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി പ്രകാരം ഭൂമിയുടെ തരംമാറ്റത്തിനായി നല്കിയ അപേക്ഷകളില്‍ അര്‍ഹമായ 25 സെന്റില്‍ താഴെ ഭൂമിയുള്ള അപേക്ഷകളിലാണ് ഉത്തരവിറക്കിയത്. ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ കാലതാമസം ഒഴിവാക്കുന്നതിനായി സ്ഥിരം ജീവനക്കാരെ നിയമിക്കുന്നതിന് നടപടിയെടുത്തതായി മന്ത്രി പറഞ്ഞു.
നെല്‍വയര്‍ തണ്ണീര്‍ത്തട നിയമത്തിനു കീഴില്‍ വരുന്ന സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് 67 ജൂനിയര്‍ സൂപ്രണ്ടുമാരെയും 181 ക്ലാര്‍ക്കുമാരെയും എംപ്ലോയ്മെന്റ് എക്സേഞ്ച് വഴി 120 സര്‍വേയര്‍മാരെയും നിയമിച്ചതായും അദ്ദേഹം പറഞ്ഞു. അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ഡോ. എസ്. ചിത്ര, സബ് കലക്ടര്‍ ഡോ. മിഥുന് പ്രേംരാജ്, അസി. കലക്ടര്‍ ഒ.വി. ആല്‍ഫ്രഡ്, ഭൂപരിഷ്കരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്‍. ബാലസുബ്രഹ്മണ്യം, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ. മണികണ്ഠന്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.