ഒറ്റപ്പാലം: മീറ്റ്ന ഭാരതപ്പുഴയിലെ തടയണയിൽ വെള്ളക്കുറവ് മൂലം പമ്പിങ് പ്രതിസന്ധി നേരിടുന്നത് മറികടക്കാൻ ചാല് കീറി പമ്പ് ഹൗസിന് സമീപം ജലമെത്തിക്കാൻ നീക്കം. ഒറ്റപ്പാലം നഗരസഭ, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിന്റെ സ്രോതസ്സായ മീറ്റ്ന തടയണ ചരിത്രത്തിലാദ്യമായാണ് ഇത്തവണ വരൾച്ച നേരിടുന്നത്. ഇതിന് പരിഹാരമായി നഗരസഭ അധ്യക്ഷ കെ. ജാനകിദേവിയുടെ നേതൃത്വത്തിൽ ജല അതോറിറ്റിയിലെ ഉദ്യോഗസ്ഥ സംഘം തടയണ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചാല് കീറാനുള്ള ആലോചന.
നേരത്തെ രണ്ട് മോട്ടോർ പ്രവർത്തിപ്പിച്ചിരുന്നത് അധികൃതർ ഒരെണ്ണമാക്കി ചുരുക്കിയാണ് പമ്പിങ് നടത്തുന്നത്. അനുദിനം വെള്ളക്കുറവ് അനുഭവപ്പെടുന്നതിനാൽ ഇപ്പോൾ ലഭിക്കുന്ന ഒരു മോട്ടോറും പ്രവർത്തിപ്പിക്കാൻ കഴിയാതാവുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പമ്പിങ്ങിനായി ആശ്രയിക്കുന്ന കിണറിൽ വെള്ളമെത്തിക്കുന്നതിനായി നിലവിലെ വാൾവിന്റെ വലിപ്പം കൂട്ടാനും ആലോചനയുണ്ട്. നിലവിൽ വാൾവ് മുകളിലും വെള്ളം താഴെയുമെന്ന നിലയിലാണുള്ളത്, കൂടുതൽ മെച്ചപ്പെട്ട നിലയിൽ പമ്പിങ് സാധ്യമാക്കാൻ ഇതുകൊണ്ട് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗായത്രി പുഴയിൽ നിന്നും ജലമെത്തിക്കാനും ആലോചനയുണ്ട്. കൊണ്ടാഴി-കുത്താമ്പുള്ളി പാലത്തിന്റെ നിർമാണം സ്ഥലത്ത് കെട്ടിനിൽക്കുന്ന വെള്ളമാണ് ഇവിടേക്ക് എത്തിക്കുക.
ഇതിനായി കലക്ടറെ സമീപിക്കും. മൂന്നാഴ്ച മുമ്പ് തടയണയുടെ രണ്ട് ഷട്ടറുകൾ സാമൂഹിക വിരുദ്ധർ തുറന്ന് വിട്ടതാണ് തടയണ വരൾച്ച ബാധിക്കാൻ പ്രധാന കാരണമായത്. മഴയോ ഡാമുകളിൽ നിന്നുള്ള വെള്ളമോ ലഭിക്കാത്ത പക്ഷം രണ്ട് തദ്ദേശ സ്ഥാപനങ്ങളുടെ വിശാലമായ പരിധിയിൽ വരുന്ന 18,000 ലേറെ ഗുണഭോക്താക്കളുടെ കുടിവെള്ളം മുട്ടുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.