ഒറ്റപ്പാലം: കാലപ്പഴക്കം കാരണം ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് കെട്ടിടം അപകടഭീഷണിയിൽ. ബസ് സ്റ്റാൻഡ് വിപുലീകരണത്തോടൊപ്പം പുതിയ മാർക്കറ്റ് കോംപ്ലക്സ് നിർമാണം പൂർത്തിയാക്കിയെങ്കിലും പതിറ്റാണ്ടുകൾ പഴക്കമുള്ള വ്യാപാര സമുച്ചയം അതേപടി നിലനിർത്തിയതാണ് പ്രതിസന്ധിക്ക് കാരണം. സ്റ്റാൻഡിൽനിന്നുള്ള ബസുകൾ പുറത്ത് പോകാനുള്ള ഇടുങ്ങിയ കവാടവും ഓട്ടോറിക്ഷകൾക്ക് വരാനും പോകാനും പാർക്ക് ചെയ്യാനുമുള്ള മറ്റൊരു കവാടവും കാലപ്പഴക്കം ചെന്ന കെട്ടിടത്തിനടിയിലാണ്. കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്ന് കോൺക്രീറ്റ് അടിക്കടി അടർന്നുവീണ് അപകടമുണ്ടാകുന്നതാണ് ആശങ്ക ഇരട്ടിപ്പിക്കുന്നത്. രണ്ടാഴ്ച മുമ്പ് അടർന്നുവീണ കോൺക്രീറ്റ് കട്ടയിൽനിന്ന് വയോധിക തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഭിന്നശേഷിക്കാരനായ ലോട്ടറി കച്ചവടക്കാരനുൾെപ്പടെ കോൺക്രീറ്റ് അടർന്ന് വീണ് പരിക്കേറ്റിരുന്നു.
പഴയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് നിർമിച്ച ഘട്ടത്തിൽതന്നെ ഇടുങ്ങിയ കവാടങ്ങളെക്കുറിച്ച് ആക്ഷേപം ഉയർന്നിരുന്നു. ഒരു ബസ് തട്ടാതെയും മുട്ടാതെയും കവാടം കടന്നുപോകുന്നത് ഏറെ ക്ലേശിച്ചാണ്. ഇതിനിടയിൽ കാൽനടക്കാരൻ അകപ്പെട്ടാൽ രക്ഷപ്പെടുക അസാധ്യമാണ്. പഴയ ബസ് സ്റ്റാൻഡ് തുറന്നുകൊടുത്തതിന്റെ അടുത്ത ദിവസംതന്നെ യാത്രക്കാരന് ദാരുണാന്ത്യം സംഭവിച്ചിരുന്നു. തുടർന്ന് നിരവധി അത്യാഹിതങ്ങൾക്ക് ബസ് സ്റ്റാൻഡ് സാക്ഷിയായി. ബലക്ഷയം ബാധിച്ച അര നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമിക്കണമെന്ന ആവശ്യം കഴിഞ്ഞ നഗരസഭ കൗൺസിൽ യോഗത്തിൽ ഉയർന്നിരുന്നു. അത്യാഹിതങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കെട്ടിടത്തിലെ കച്ചവടക്കാരെ പുതിയ മാർക്കറ്റ് കോംപ്ലക്സിലേക്ക് പുനരധിവസിപ്പിച്ച ശേഷം കെട്ടിടം പൊളിക്കണമെന്ന ആവശ്യം തത്ത്വത്തിൽ നഗരസഭ അധികൃതർ അംഗീകരിച്ചിരുന്നു. നഗരസഭ എൻജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയിൽ കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നും ഉപയോഗിക്കാൻ കഴിയില്ലെന്നും റിപ്പോർട്ട് സമർപ്പിച്ചതായും അധികാരികൾ യോഗത്തിൽ അറിയിച്ചിരുന്നു. 21 കോടിയോളം രൂപ ചെലവിട്ടാണ് ബസ് സ്റ്റാൻഡ് വിപുലീകരണവും മാർക്കറ്റ് കോംപ്ലക്സും യാഥാർഥ്യമാക്കിയത്. 2019 ഫെബ്രുവരി 22 നായിരുന്നു ഇതിന്റെ ഉദ്ഘാടനം. വിശാലമായ സ്റ്റാൻഡിൽനിന്ന് ബസുകൾ പുറത്ത് കടക്കുന്നതിലെ പെടാപ്പാടിനും കാൽനടയായി സ്റ്റാൻഡിലെത്തുന്നവരുടെ ക്ലേശത്തിനും പരിഹാരമുണ്ടായില്ലെന്ന് മാത്രമല്ല, ആധി ഇരട്ടിക്കുകയാണുണ്ടായത്. കാൽനടക്കാർക്ക് മാത്രമായി സ്റ്റാൻഡിലേക്ക് നടവഴിയില്ലെന്നതും ദുരിതം ഇരട്ടിപ്പിക്കുന്നു. മനുഷ്യാവകാശ കമീഷനുൾെപ്പടെയുള്ള അധികാരകേന്ദ്രങ്ങളിൽ നിരവധി പരാതികളാണ് വിവിധ സംഘടനകളും വ്യക്തികളും സമർപ്പിച്ചത്. നാഷനൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച് സെന്റർ (നാറ്റ് പാക്) സംഘം നടത്തിയ പരിശോധനയിൽ ഇടുങ്ങിയ കവാടങ്ങൾ മൂലമുള്ള അപകടസാധ്യത എടുത്തുപറഞ്ഞിരുന്നു. പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയ വ്യാപാര സമുച്ചയം യാഥാർഥ്യമാകുന്നതോടെ പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.