ഒറ്റപ്പാലം: സുരക്ഷ ക്രമീകരങ്ങളുടെ ഭാഗമായി ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡ് കോംപ്ലക്സിനുള്ളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയായി.
സ്റ്റാൻഡിന്റെ നാല് വശങ്ങളും നിരീക്ഷിക്കാൻ പാകത്തിൽ എട്ട് കാമറകളാണ് സ്ഥാപിച്ചത്. സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സ്റ്റാൻഡിലെ കച്ചവടക്കാരും പൊലീസും നാട്ടുകാരും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ പങ്കാളിത്തത്തോടെ കാമറകൾ സ്ഥാപിച്ചത്.
തിരൂർ ആസ്ഥാനമായ സ്ഥാപനമാണ് ദൗത്യം ഏറ്റെടുത്തതെന്നും വൈദ്യുതി കണക്ഷൻ നൽകുന്ന മുറക്ക് കാമറകൾ പ്രവർത്തിച്ച് തുടങ്ങുമെന്നും നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് പറഞ്ഞു. ഇതിന്റെ വൈദ്യുതി ചാർജും പരിപാലനവും സ്വകാര്യ സ്ഥാപനമാണ് വഹിക്കുക.
സി.സി.ടി.വി കാമറകളിലെ ദൃശ്യങ്ങൾ ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ, പൊലീസ് എയ്ഡ് പോസ്റ്റ്, നഗരസഭ കാര്യാലയം എന്നിവിടങ്ങളിൽ നിരീക്ഷിക്കാൻ സൗകര്യമുണ്ടാകും. കൂടാതെ സ്റ്റാൻഡിന് അകത്തും പരിസരങ്ങളിലും അനുഭവപ്പെടുന്ന വെളിച്ചക്കുറവ് പരിഹരിക്കാൻ ആവശ്യമായ കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കുമെന്നും കെ. രാജേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.