ഒറ്റപ്പാലം: മാസങ്ങളായി തകർന്ന് കിടന്ന ഒറ്റപ്പാലം നഗരപാതയുടെ ടാറിങ് പ്രവൃത്തികൾക്ക് വിവാദങ്ങൾക്കൊടുവിൽ തുടക്കം. പാലക്കാട് - കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലം മേലെ പെട്രോൾ പമ്പ് മുതൽ 1.2 കിലോ മീറ്റർ ദൂരം ബി.എം ആൻഡ് ബി.സി അടിസ്ഥാനമാക്കിയുള്ള ടാറിങ് പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. മുടങ്ങിയും മുടന്തിയും നിർമാണം ഇഴഞ്ഞുനീങ്ങിയ നവീകരണത്തിനെതിരെ പ്രേംകുമാർ എം.എൽ.എയുടെ സാന്നിധ്യത്തിൽ ഒറ്റപ്പാലം സബ് കലക്ടർ രംഗത്തെത്തിയത് കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിലാണ്. ഇതേതുടർന്ന് ജനുവരി 14ന് പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് അധികൃതർ ഉറപ്പ് നൽകിയിരുന്നു.
എന്നാൽ തുടങ്ങിവെച്ച നിർമാണം എങ്ങുമെത്താതെ നിർത്തിവെച്ചു. പൊങ്കൽ പ്രമാണിച്ച് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് നിർമാണം മുടങ്ങാൻ കാരണമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ പ്രതികരണം. മഴയിൽ ചളിനിറഞ്ഞും വേനലിൽ പൊടിപൊടലങ്ങൾ ഉയർന്നും ദുരിതത്തിലായ പാതയുടെ നവീകരണം ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭ സമരങ്ങളും ഇതിനകം അരങ്ങേറി.
താലൂക്ക് വികസന സമിതി യോഗങ്ങളിലെ സുപ്രധാന വിഷയമായി ഇത് മാറുകയും ചെയ്തിരുന്നു. ഏറെ തർക്കങ്ങൾക്കൊടുവിലാണ് പാത നവീകരണം ആരംഭിച്ചത്. 1. 08 കോടി രൂപയാണ് ഇതിന് അനുവദിച്ചത്. നഗരപാതയുടെ ഇരുവശത്തേയും മണ്ണ് നീക്കി ജി.എസ്.ബി, വെറ്റ് മിക്സ് ഇടുന്നത് ഉൾപ്പടെയുള്ള നിർമാണ പ്രവൃർത്തികൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. നവീകരണത്തിന്റെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.