ഒറ്റപ്പാലം: സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി സ്ഥാപിച്ച സി.സി.ടി.വി കാമറകൾക്ക് പിറകെ ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡിൽ ഇരുളകറ്റാൻ ലൈറ്റുകളും ഒരുങ്ങുന്നു. രാത്രികളിൽ ബസ് സ്റ്റാൻഡിലും പരിസരത്തും വെളിച്ചം നൽകാൻ ആവശ്യമായ വിളക്കുകൾ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇതിനകം പത്ത് ലൈറ്റുകൾ സ്ഥാപിച്ചുകഴിഞ്ഞതായും ഒരാഴ്ചക്കുള്ളിൽ സമ്പൂർണമായും പൂർത്തിയാകുമെന്നും നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് പറഞ്ഞു.
സ്വകാര്യ പങ്കാളിത്തത്തോടെയാണ് വിളക്കുകളും യാഥാർഥ്യമാകുന്നത്. തിരൂർ ആസ്ഥാനമായ സ്ഥാപനമാണ് ബസ് സ്റ്റാൻഡിൽ എട്ട് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചത്. വിളക്കുകൾ സ്ഥാപിക്കുന്നതിന്റെയും വൈദ്യുതി നിരക്കുൾപ്പടെ പരിപാലന ചെലവും സ്ഥാപനം വഹിക്കും.
സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമായി അനുഭവപ്പെടുന്ന ബസ് സ്റ്റാൻഡിൽ സി.സി.ടി.വി കാമറയും വെളിച്ചവും യാഥാർഥ്യമാക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. ലൈറ്റ് സംവിധാനത്തോടെ ബസ് സ്റ്റാൻഡിന് മുന്നിൽ കവാടവും നിർമിക്കുന്നുണ്ട്. ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ, പൊലീസ് എയ്ഡ് പോസ്റ്റ്, നഗരസഭ കാര്യാലയം എന്നിവിടങ്ങൾ നിരീക്ഷിക്കാവുന്ന വിധത്തിലാണ് കാമറകൾ പ്രവർത്തിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.