ഒറ്റപ്പാലം: അർബുദ ബാധിതയായ വയോധിക നേരിൽ ഹാജരായിട്ടും ആരോഗ്യ സാക്ഷ്യപത്രം ലഭിക്കാത്ത സാഹചര്യത്തിൽ ഇടപെട്ട വനിത കൗൺസിലർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഒറ്റപ്പാലം നഗരസഭയിലെ അപ്പേപ്പുറം വാർഡ് ബി.ജെ.പി കൗൺസിലർ സി. പ്രസീതക്കെതിരെയാണ് കേസുടുത്തത്. താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോ. രാധ നൽകിയ പരാതിയിലാണ് കൗൺസിലർക്കെതിരെ കേസെടുത്തത്.
സെപ്റ്റംബർ 18ന് പെൻഷൻ അപേക്ഷിക്കാൻ പാലപ്പുറം സ്വദേശിനിയായ വയോധിക നേരിട്ടെത്തി ആശുപത്രി സൂപ്രണ്ടിനെ കണ്ട് ആവശ്യം അറിയിച്ചെങ്കിലും സാങ്കേതികത്വം ചൂണ്ടിക്കാട്ടി സാക്ഷ്യപത്രം നൽകാതെ മടക്കി അയച്ചെന്ന പരാതി ഉയർന്നിരുന്നു.
തുടർന്നാണ് വയോധികയുടെ ആവശ്യപ്രകാരം 21ന് വാർഡ് കൗൺസിലറും ആശാപ്രവർത്തകയുമായ പ്രസീത സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോക്ടറെ സമീപിക്കുന്നത്. എന്നാൽ, രോഗി നേരിട്ട് വന്നില്ലെന്ന കാരണം പറഞ്ഞ് സാക്ഷ്യപത്രം അനുവദിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസീത ഒറ്റപ്പാലം സബ് കലക്ടർക്ക് പരാതി നൽകി.
ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടയിലാണ് ഡോക്ടർ പരാതിയുമായി ഒറ്റപ്പാലം പൊലീസിനെ സമീപിച്ചത്. ജോലി തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാരോപിച്ചാണ് ഡോക്ടർ പരാതി നൽകിയത്. പിന്നീട് രോഗി വീണ്ടും നേരിട്ട് എത്തിയശേഷം സാക്ഷ്യപത്രം അനുവദിച്ചു നൽകി. ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണം ഉറപ്പാക്കുന്ന ‘ആരോഗ്യ സേവന ദാതാക്കളും സ്ഥാപനങ്ങളും നിയമം’ ഉൾപ്പടെയുള്ള വകുപ്പുകളാണ് കൗൺസിലർക്കെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്.
ഒറ്റപ്പാലം: വയോധികയായ അർബുദ രോഗിക്ക് പെൻഷൻ അനുവദിക്കാൻ സാക്ഷ്യപത്രത്തിന് ശ്രമിച്ച വനിത കൗൺസിലർക്കെതിരെ കള്ളക്കേസിന് പരാതി നൽകിയ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഇൻ ചാർജിനെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി പി. വേണുഗോപാലൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വസ്തുത വിരുദ്ധമായി വ്യാജ പരാതി നൽകിയ സംഭവത്തിൽ വകുപ്പ്തല നടപടി സ്വീകരിക്കണം.
ഇതിന് പിന്നിൽ നഗരസഭ ഭരണപക്ഷത്തിന്റെ ഗൂഢാലോചയുണ്ട്. രോഗികൾക്ക് ആശുപത്രിയെ സമീപിക്കാൻ കഴിയാത്ത നിലവിലെ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്നും അല്ലാത്തപക്ഷം നിയമപരമായും രാഷ്ട്രീയപരമായും നീങ്ങുമെന്നും വേണുഗോപാലൻ പറഞ്ഞു.
ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിലെത്തുന്ന ജനപ്രതിനിധികളെയും ആശുപത്രി മാനേജ്മെൻറ് സമിതി അംഗങ്ങളെയും പൊതുപ്രവർത്തകരെയും വ്യാജ പരാതികൾ നൽകി കേസെടുപ്പിക്കുന്ന പ്രവണത ആശുപത്രി അധികാരികൾ അവസാനപ്പിക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയരാജൻ വാർത്തകുറിപ്പിൽ അറിയിച്ചു. നിർധന രോഗികൾ ഉൾപ്പെടെ ആശുപത്രിയിലെത്തുന്നവർക്ക് അർഹമായ സേവനം ഉറപ്പുവരുത്താൻ ആശുപത്രിക്ക് നേതൃത്വം നൽകുന്നവർ ശ്രദ്ധിക്കണം. ആശുപത്രി സൂപ്രണ്ട് ഇൻചാർജ് കൈകൊണ്ട നടപടി ഒറ്റപ്പാലത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ ദിവസം കോൺഗ്രസ് ജനപ്രതിനിധികൾക്കും ആശുപത്രി മാനേജ്മെൻറ് സമിതി അംഗങ്ങൾക്കെതിരെയും ചില ജീവനക്കാർ കേസ് കൊടുക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ജനങ്ങളെ സേവിക്കേണ്ട ഉദ്യോഗസ്ഥർ ഉത്തരവാദിത്വം മറന്ന് സി.പി.എം ചട്ടുകങ്ങളായി മാറിയാൽ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ജയാരാജൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.