ഒറ്റപ്പാലം: ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ റവന്യൂ ഡിവിഷൻ ഓഫിസ് എന്ന ബഹുമതി ഇനി ഒറ്റപ്പാലത്തിന്. ഭൂഗർഭ ജല വകുപ്പ് ഡയറക്ടറായി വെള്ളിയാഴ്ച സ്ഥലംമാറി പോയ സബ് കലക്ടർ ഡി. ധർമലശ്രീയുടെ അവസാന ഔദ്യോഗിക ദിനം വ്യാഴാഴ്ചയായിരുന്നു. അതുകൊണ്ടുതന്നെ ഈ അംഗീകാരം, ഇവരുടെ യാത്രയയപ്പ് സമ്മാനവുമായി.
ഐ.എസ്.ഒ പ്രതിനിധി ശ്രീകുമാറിൽനിന്ന് സബ് കലക്ടർ ഡി. ധർമലശ്രീയും അഡ്വ. കെ. പ്രേംകുമാർ എം.എൽ.എയും ബഹുമതി ഏറ്റുവാങ്ങുന്ന ചടങ്ങ് റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഐ.എസ്.ഒ അംഗീകാരം നേരത്തേ ലഭിച്ചിട്ടുള്ളത് ഫോർട്ട് കൊച്ചി റവന്യൂ സിവിഷൻ ഓഫിസിനാണ്. ഓഫിസിന്റെ പ്രവർത്തനം, ജീവനക്കാരുടെ പെരുമാറ്റം, സേവനമികവ്, ഓഫിസ് ശുചിത്വം തുടങ്ങിയവ പരിഗണിച്ചാണ് അംഗീകാരം. വയോജന സംരക്ഷണപ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാനത്തെ മികച്ച മെയിന്റനൻസ് ട്രൈബ്യൂണലിനുള്ള സാമൂഹികനീതി വകുപ്പിന്റെ പുരസ്കാരവും കഴിഞ്ഞവർഷം ഒറ്റപ്പാലത്തിന് ലഭിച്ചിരുന്നു. ഏറ്റവും കൂടുതൽ കാലം ഒറ്റപ്പാലം സബ് കലക്ടറായി സേവനമനുഷ്ടിച്ച വനിതയെന്ന വിശേഷണത്തോടെ പടിയിറങ്ങിയ ഡി. ധർമലശ്രീയുടെ പ്രവർത്തന മികവ് ബഹുമതിയുടെ പിന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.