ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിലെ താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേനെയല്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന വിവരാവകാശ രേഖ പുറത്ത്. മുസ്ലിം ലീഗ് പ്രതിനിധി പി.എം.എ. ജലീലിന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയിലാണ് നേരിട്ടുള്ള നിയമനം സാധൂകരിക്കുന്നത്.
74 താൽക്കാലിക ജീവനക്കാരുള്ളതിൽ അഞ്ചുപേരെ മാത്രമാണ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നിയമിച്ചത്. ശേഷിക്കുന്ന 69 പേരെയും അഭിമുഖം നടത്തിയാണ് നിയമിച്ചത്. ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഫാർമസിസ്റ്റ്, നഴ്സസിങ് ഓഫിസർ, ഡയാലിസിസ് ടെക്നീഷ്യൻ, ഇ.സി.ജി ടെക്നീഷ്യൻ, ഒ.ടി ടെക്നീഷ്യൻ, റേഡിയോഗ്രാഫർ, ക്ലീനിങ് സ്റ്റാഫ്, ലാബ്ടെക്നീഷ്യൻ, ലിഫ്റ്റ് ഓപ്പറേറ്റർ, സെക്യൂരിറ്റി സ്റ്റാഫ് എന്നീ തസ്തികയിലേക്കാണ് അഭിമുഖം നടത്തി നിയമനം നടത്തിയത്.
കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് നിയമം നടന്നതെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയിൽ അഭിമുഖം നടത്തിയ ഇൻറർവ്യൂ ബോർഡിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭ്യമായിട്ടില്ല.
ഇവരുടെ വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലാത്തതിനാൽ ലഭ്യമായ വിവരങ്ങൾക്ക് മുൻകൂട്ടി അറിയിച്ച ശേഷം ഓഫിസ് സമയത്ത് നേരിട്ടെത്തി പരിശോധിക്കാവുന്നതാണെന്നും ആവശ്യമായ ഫീസ് അടച്ചാൽ ലഭ്യമാണെന്നുമാണ് വിവരാവകാശത്തിന് മറുപടി ലഭിച്ചത്. എംപ്ലോയ്മെൻറിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന എണ്ണമറ്റ തൊഴിൽരഹിതർ പുറത്ത് നിൽക്കെയാണ് അഭിമുഖം നടത്തി നേരിട്ടുള്ള നിയമനം തുടരുന്നത്. കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസന സമിതി യോഗത്തിൽ നടപടി ആവശ്യപ്പെട്ട് തഹസിൽദാർക്ക് ജലീൽ രേഖകൾ കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.