ഒറ്റപ്പാലം: നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിക്കാനിരിക്കുന്ന ഷീ ലോഡ്ജ് പദ്ധതിക്ക് ഒച്ചിഴയും വേഗം. രാത്രി ഒറ്റപ്പാലത്തെത്തുന്ന വനിതകൾക്ക് സുരക്ഷിതമായി രാപാർക്കാനുള്ള ലോഡ്ജിങ് സംവിധാനമാണ് വൈകുന്നത്.നഗരസഭ ബസ് സ്റ്റാൻഡിലെ പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ലോഡ്ജ് സംവിധാനം ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ക്രമീകരിച്ചിട്ട് ആറ് മാസത്തിലേറെയായി.
കുടുംബശ്രീ പ്രവർത്തകർ ഏറ്റെടുക്കുന്ന മുറക്ക് ഉടൻ തുടങ്ങുമെന്നാണ് നഗരസഭ അധികൃതർ അന്ന് അറിയിച്ചിരുന്നത്. അസമയങ്ങളിൽ ഏകയായി ഒറ്റപ്പാലത്തെത്തുന്ന വനിതകൾ നേരിടുന്ന സുപ്രധാന പ്രശ്നമാണ് സുരക്ഷിതമായി തങ്ങാൻ ഒരിടമില്ലെന്നത്. ബസ് സ്റ്റാൻഡും സമീപത്ത് തന്നെ റെയിൽവേ സ്റ്റേഷനുമുള്ള ഒറ്റപ്പാലത്ത് സൗകര്യമുള്ള ഒരിടം എന്ന നിലക്കാണ് ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മുറികൾ ഇതിനായി തെരഞ്ഞെടുത്തത്. ഓഫിസുകളിൽ ജോലി ചെയ്യുന്നവർക്കും പഠനാവശ്യത്തിന് ഒറ്റപ്പാലത്തെത്തുന്നവർക്കും താമസ സൗകര്യം ഒരു വെല്ലുവിളിയാണ്. ആദ്യ ഘട്ടമെന്ന നിലയിൽ അഞ്ച് കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
രണ്ട് ശൗച്യാലയങ്ങളുള്ള കേന്ദ്രത്തിൽ മേശയും കസേരകളും ഫാനും തയാറാണ്. ഗ്രിൽ ഉൾപ്പടെയുള്ള കുറ്റമറ്റ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കാലതാമസം നേരിടുന്നതെന്നും ഈ വർഷത്തെ പദ്ധതിയിൽ ഇതിനായി ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് പറഞ്ഞു. നടത്തിപ്പ് ചുമതല ഏൽപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.