ഒ​റ്റ​പ്പാ​ലം ന​ഗ​ര​പാ​ത​യി​ൽ ന​ട​ന്ന ന​വീ​ക​ര​ണ പ്ര​വൃ​ത്തി

സമയത്തിന് പൂർത്തിയാവാതെ ഒറ്റപ്പാലം നഗരപാത

ഒറ്റപ്പാലം: താലൂക്ക് വികസന സമിതി യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് നൽകിയ ഉറപ്പ് അനുസരിച്ച് തകർന്ന നഗരപാതയുടെ നവീകരണം പൂർത്തിയാക്കാനാവില്ല. പൂർത്തിയാക്കാൻ നൽകിയ സമയപരിധി ശനിയാഴ്ച അവസാനിക്കും. ജല അതോറിറ്റി പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി പൊളിച്ചിട്ട പാതയുടെ അരികുകളിൽ മെറ്റൽ നിക്ഷേപിച്ച്‌ എമൽഷൻ അടിക്കുന്ന പ്രവൃത്തിയാണ് പൂർത്തിയാക്കിയത്. ടാറിങ് ഉൾപ്പെടെ പ്രവൃത്തികൾ ബാക്കിയാണ്. നഗരപാതയുടെ ശോച്യാവസ്ഥ നിലനിൽക്കെത്തന്നെ പൊതുമരാമത്ത് പുലർത്തുന്ന അവഗണനക്കെതിരെ വ്യാപക പരാതികളാണ് ഉയർന്നിരുന്നത്.

നിരന്തര സമ്മർദങ്ങൾക്കൊടുവിൽ അഡ്വ. കെ. പ്രേംകുമാർ എം.എൽ.എ വിളിച്ച യോഗത്തിലെടുത്ത തീരുമാനമനുസരിച്ച് ഡിസംബർ 19ന് പ്രവൃത്തികൾ ആരംഭിച്ചെങ്കിലും ആരംഭശൂരത്വം തെളിയിച്ച് പൊടുന്നനെ കെട്ടടങ്ങി. 30ന് പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച നിർമാണം നിർത്തിവെച്ചതിന് കാരണമായി പറഞ്ഞുകേട്ടത് ടാർ ലഭ്യമല്ലെന്നായിരുന്നു. കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിലും പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഒരാഴ്ചക്കകം പ്രവൃത്തികൾ ആരംഭിക്കുമെന്ന പതിവ് പ്രതികരണം തന്നെയാണ് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ ആവർത്തിച്ചത്.

ഇതിനെതിരെ അംഗങ്ങൾ രൂക്ഷമായി പ്രതികരിച്ചിരുന്നു. എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാതയുടെ നവീകരണം ഒരാഴ്ചക്കുള്ളിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ നേരിട്ട് പൂർത്തിയാക്കുമെന്നും ഇക്കാര്യം മേലുദ്യോഗസ്ഥനെ വിളിച്ചറിയിക്കാനും സബ് കലക്ടർ ഡി. ധർമലശ്രീ ഹാജരായ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. ഇതേതുടർന്ന് മേലുദ്യോഗസ്ഥനെ ഫോണിൽ അറിയിച്ചതിനെ തുടർന്നാണ് 14ന് നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് സബ് കലക്ടർ മുമ്പാകെ ഉറപ്പ് നൽകിയത്.

ഒറ്റപ്പാലത്തെ മേലേ പെട്രോൾ പമ്പ് മുതൽ 1.2 കിലോമീറ്റർ ദൂരം നഗരപാതയുടെ ഇരുവശത്തേയും മണ്ണ് നീക്കം ചെയ്ത് ജി.എസ്.ബി, വെറ്റ് മിക്സ് ഇടുന്നത് ഉൾപ്പടെയുള്ള നിർമാണ പ്രവർത്തികൾക്കായി 1.08 കോടി രൂപയാണ് അനുവദിച്ചത്. പൊങ്കൽ പ്രമാണിച്ച് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് ടാറിങ് പൂർത്തിയാക്കാൻ കഴിയാതിരുന്നതെന്നും 20ന് പുനരാംഭിക്കുമെന്നും ഇതിന്റെ കൂടി ഭാഗമാണ് നിലവിൽ നടക്കുന്ന നിർമാണപ്രവൃത്തികളെന്നും പി.ഡബ്ല്യു.ഡി അസി. എൻജിനീയർ ബാബുരാജ് പറഞ്ഞു.

നഗരപാതയിലെ ഗതാഗതം പൂർണമായി നിർത്തലാക്കിവേണം ടാറിങ് പ്രവൃത്തികൾ പൂർത്തിയാക്കാനെന്നും അദ്ദേഹം പറഞ്ഞു. നിർമാണം ഭാഗികമാണെങ്കിലും പൊടിശല്യം ഒഴിഞ്ഞ ആശ്വാസത്തിലാണ് വ്യാപാരികളും നാട്ടുകാരും. 

Tags:    
News Summary - Ottappalam Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.