ഒറ്റപ്പാലം: ലക്ഷങ്ങൾ ചെലവിട്ട് വാങ്ങിയ റോഡ് റോളർ സംരക്ഷണത്തിന്റെ അഭാവത്തിൽ തുരുമ്പെടുത്ത് നശിക്കുന്നു. കാഞ്ഞിരപ്പുഴ ഇറിഗേഷൻ പദ്ധതിയുടെ (കെ.പി.ഐ.പി) കണ്ണിയംപുറത്തെ ഡിവിഷൻ ഓഫിസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് സമീപനമാണ് റോഡ് റോളർ കാടുമൂടിയ നിലയിലുള്ളത്. കെ.പി.ഐ.പിയുടെ ഡിവിഷൻ ഓഫിസിന്റെ പ്രവർത്തനം 2009ൽ നിർത്തിയതോടെയാണ് റോഡ് റോളറിന് ശനിദശ ബാധിച്ചത്.
1961ൽ തുടങ്ങി 95ലാണ് കെ.പി.ഐ.പിയുടെ കീഴിലുള്ള കനാൽ നിർമാണം പൂർത്തിയാക്കിയത്. കനാലിന്റെ അരികുചേർന്നുള്ള പാതകൾ മണ്ണിട്ട് നികത്താനും നിർമാണ പ്രവൃത്തികളുടെ ആവശ്യത്തിനുമായി വാങ്ങിയതാണ് റോഡ് റോളർ. കെ.പി.ഐ.പിയുടെ ജോലികൾ ഇല്ലാത്ത സന്ദർഭങ്ങളിൽ പൊതുമരാമത്ത് വകുപ്പിനും സ്വകാര്യ കോൺട്രാക്ടർമാർക്കും റോഡ് റോളർ വാടകക്കും നൽകിയിരുന്നു. എന്നാൽ 2011-12 കാലത്ത് ഓടിച്ച് കൊണ്ടുവന്ന് നിർത്തിയ റോഡ് റോളർ പിന്നീട് പുറത്തിറക്കിയിട്ടില്ല.
ഡിവിഷൻ ഓഫിസ് നിർത്തലാക്കിയതോടെ ഇതിന്റെ ഡ്രൈവറെയും സ്ഥലം മാറ്റിയതായി പറയുന്നു. ഇതോടെ റോഡ് റോളർ ആരും തിരിഞ്ഞുനോക്കാതായി. കാട് മൂടിയും തുരുമ്പെടുത്തും നശിക്കുന്ന റോഡ് റോളർ ലേലം ചെയ്യണമെന്നാവശ്യപ്പെട്ട് മേലധികാരികൾക്ക് ഒന്നിലേറെ തവണ കത്ത് നൽകിയിട്ടും തുടർ നടപടികളുണ്ടായില്ലെന്ന പരാതിയുണ്ട്. ഡിവിഷൻ ഓഫിസിനായി 1973ൽ നിർമിച്ച കെട്ടിടവും നാളിതുവരെ പൊളിച്ചുനീക്കാതെ ഇവിടെയുണ്ട്. റോഡ് റോളർ എത്രയും വേഗം ലേലം ചെയ്യാൻ നടപടി വേണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.