ഒറ്റപ്പാലം: ‘മിസ്റ്റർ ഇന്ത്യ’യെ കണ്ടെത്തുന്നതിനായുള്ള 58ാമത് സീനിയർ നാഷനൽ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ് 10, 11 തീയതികളിലായി വാണിയംകുളം പി.കെ. ദാസ് മെഡിക്കൽ കോളജിൽ സംഘടിപ്പിക്കുന്നു. ജില്ല ബോഡിബിൽഡിങ് അസോസിയേഷൻ, ജില്ല ഒളിമ്പിക് അസോസിയേഷൻ, പി.കെ. ദാസ് മെഡിക്കൽ കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം 10ന് രാവിലെ 10ന് പോണ്ടിച്ചേരി മന്ത്രി സായ് ജെ. ശരവൺ കുമാർ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 400ലേറെ മത്സരാർഥികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കും. ‘നോ ടു ഡ്രഗ്സ് ഫോർ ഹെൽത്തി ഇന്ത്യ’ആശയം മുൻനിർത്തിയാണ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത്. ആകെ 20 ലക്ഷം രൂപയുടെ പുരസ്കാരങ്ങളാണ് മത്സരാർഥികൾക്കായി കരുതിയിരിക്കുന്നത്.
മിസ്റ്റർ ഇന്ത്യക്ക് 1.5 ലക്ഷം രൂപ കാഷ് പ്രൈസും ട്രോഫിയും റണ്ണർ അപ്പിന് അര ലക്ഷം രൂപയും ട്രോഫിയും സമ്മാനിക്കും. ശരീരഭാരത്തിന്റെ അടിസ്ഥാനത്തിൽ ഒമ്പത് വിഭാഗങ്ങളിലായി മത്സരം നടക്കും. ഇതര മത്സരങ്ങളിൽ വനിതകളുടെ പ്രാതിനിത്യവുണ്ടായിരിക്കും. ആകെ 14 മത്സരങ്ങളാണുള്ളത്.
സമാപന സമ്മേളനം 11 ന് വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു. വാർത്തസമ്മേളനത്തിൽ മുൻ മിസ്റ്റർ ഇന്ത്യ താരം ടി.കെ. ബ്രിജേഷ്, സംഘാടക സമിതി കൺവീനർ വി.വി. വേണുഗോപാൽ, ഷക്കീൽ നാലകത്ത്, വി.ജി. ബാബു, ജോസ് പല്ലിശ്ശേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.