ഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാൻഡ് പരിസരത്ത് അനാവശ്യമായി ചുറ്റിക്കറങ്ങുന്ന വിദ്യാർഥികൾക്ക് ഇനി പൊലീസിന്‍റെ പിടിവീഴും. ഇതിനായി ആറംഗ പൊലീസ് സംഘത്തിന്‍റെ നേതൃത്വത്തിൽ രൂപവത്കരിച്ച 'സ്വീപ്പ് ബസ് സ്റ്റാൻഡ് പദ്ധതി' തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും.
ദിവസവും രാവിലെ 8.30 മുതൽ 9.30 വരെയും വൈകുന്നേരം മൂന്ന് മുതൽ അഞ്ച് വരെയും വനിത പൊലീസിന്‍റെ കൂടി സഹായത്തോടെ പരിശോധന നടക്കും. നിരീക്ഷണത്തിന് മഫ്ടി പൊലീസുമുണ്ടാകും. രാവിലെ ചുറ്റിക്കറങ്ങുന്ന വിദ്യാർഥികളെ സ്കൂളിലേക്കും വൈകിട്ട് കണ്ടെത്തുന്നവരെ വീടുകളിലേക്കും പൊലീസ് ബസ് കയറ്റി വിടും.
ഇത് സംബന്ധിച്ച വിവരം കുട്ടികളുടെ വീടുകളിലും അറിയിക്കും. ബസ് സ്റ്റാൻഡിനുള്ളിലെ പുതിയ കെട്ടിടത്തിലും പരിസരങ്ങളിലും അനാവശ്യമായി ചുറ്റിക്കറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടിയെന്ന് സർക്കിൾ ഇൻസ്‌പെക്ടർ എം. സുജിത്ത് പറഞ്ഞു.
സ്കൂൾ സമയങ്ങളിൽ പോലും യൂനിഫോം ധരിച്ച വിദ്യാർഥികളെ സംശയകരമായ രീതിയിൽ ബസ് സ്റ്റാൻഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ കാണുന്നതിനെതിരെ നടപടി വേണമെന്ന് താലൂക്ക് വികസന സമിതി യോഗങ്ങളിൽ ആവശ്യമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.