ഒറ്റപ്പാലം: വരോട് അത്താണിയിൽ ഓട്ടോ മറിഞ്ഞ് മൂന്ന് വയസുകാരൻ മരിക്കാനിടയായ സംഭവത്തിൽ ജല അതോറിറ്റിക്കെതിരെ രോഷം പുകയുന്നു. റോഡിനോട് ചേർന്ന് കുഴിയെടുക്കുകയും കുഴിച്ചെടുത്ത മണ്ണ് കുഴിക്ക് സമീപം കൂന കൂട്ടി ഇടുകയും ചെയ്തതാണ് ഓട്ടോ അപകടത്തിന് ഇടയാക്കിയത്. എതിരെ വന്ന ബസിന് സൈഡ് കൊടുക്കാനുള്ള ശ്രമത്തിനിടയിൽ മൺകൂനയിൽ തട്ടി ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്. ഭൂഗർഭ പൈപ്പുകൾ പൊട്ടിയത് നന്നാക്കുന്നതിന്റെ ഭാഗമായും പൈപ്പ് കണക്ഷൻ നൽകാനും കുഴിയെടുക്കുന്നതും പാത വെട്ടിപൊളിക്കുന്നതും പതിവാണ്. എന്നാൽ പണി പൂർത്തിയായാലും കുഴികൾ മൂടുന്നതിൽ ജല അതോറിറ്റി പുലർത്തുന്ന അവഗണന നിരവധി അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. പഴയ പടിയാക്കുന്നത് സാങ്കേതികത പറഞ്ഞ് നീട്ടുന്നതിനാൽ കുഴികൾ തുറന്ന നിലയിൽത്തന്നെ പലയിടത്തും തുടരുകയാണ്. ഇതുമൂലമുണ്ടാകുന്ന ചെറിയ അപകടങ്ങൾ ചർച്ചയാകുന്നില്ലെന്ന് മാത്രം.
അപകടത്തിൽ കുട്ടി മരിക്കുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അസ്ഥിപൊട്ടിയിട്ടും പരിശോധനകൾ നടത്താതെ ഡ്രൈവർക്ക് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് താലൂക്ക് ആശുപത്രിയിൽനിന്ന് പറഞ്ഞയച്ചതുമായി ബന്ധപ്പെട്ട് താലൂക്ക് വികസന സമിതി, നഗരസഭ കൗൺസിൽ യോഗങ്ങളിൽ വലിയ ആക്ഷപമാണ് ഉയർന്നത്. സംഭവം വിവാദമായതോടെ കുട്ടിയുടെ മരണത്തിനിടയാക്കിയ കുഴിക്ക് അപകട മുന്നറിയിപ്പായി കമ്പുകൾ നാട്ടി റിബ്ബൺ കെട്ടി. ജല അതോറിറ്റിയുടെ അനാസ്ഥ മൂലമാണ് പിഞ്ചുകുഞ്ഞ് മരിക്കാനിടയായതെന്നും ജല അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ. ജയരാജൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.