ഒറ്റപ്പാലം: അമ്പലപ്പാറ പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി യാഥാർഥ്യമായ ശേഷവും ജനങ്ങൾക്ക് ഭീഷണിയായി തുടരുന്ന അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ജലസംഭരണി പൊളിച്ചുനീക്കാൻ നടപടിയായില്ല. രാപകൽ ഭേദമില്ലാതെ വാഹനങ്ങൾ സഞ്ചരിക്കുന്ന അമ്പലപ്പാറ-മണ്ണാർക്കാട് പാതയിൽ കൂമ്പാരംകുന്ന് പ്രദേശത്താണ് ബലക്ഷയം ബാധിച്ച ജലസംഭരണിയുള്ളത്. 1969-‘70 കാലത്ത് ജല അതോറിറ്റി സ്ഥാപിച്ച വാട്ടർ ടാങ്കിന്റെ തൂണുകൾ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിൽ തുരുമ്പെടുത്താണുള്ളത്.
രണ്ടര പതിറ്റാണ്ടായി ഉപയോഗമില്ലാതെ നോക്കുകുത്തിയായി തുടരുന്ന ജലസംഭരണി പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി പരിസരവാസികൾ രംഗത്തെത്തിയിട്ട് വർഷങ്ങളായെങ്കിലും അധികൃതർ നിസ്സംഗത തുടരുകയാണ്. വരൾച്ചബാധിത മേഖലയായ അമ്പലപ്പാറയിലെ ഉയർന്ന പ്രദേശമായ കൂമ്പാരംകുന്നിൽ ജലസംഭരണി സ്ഥാപിക്കുന്നതിലൂടെ കൂടുതൽ പേർക്ക് കുടിവെള്ളം വിതരണം ചെയ്യാനാകുമെന്ന പ്രഖ്യാപനത്തോടെയാണ് പദ്ധതി അവതരിച്ചത്.
ടാങ്കിന് സമീപമുണ്ടായിരുന്നതുൾപ്പെടെ 11 ടാപ്പുകൾ സ്ഥാപിച്ച് ജലവിതരണം പൊതുവാക്കുകയെന്നതായിരുന്നു ലഷ്യം. എന്നാൽ കണക്ഷൻ എടുത്ത വീടുകളിലേക്കുള്ള ജലവിതരണം പിന്നീട് ഇവിടെ നിന്നായി. പിന്നീട് ചെറുകിട കുടിവെള്ള പദ്ധതികൾ ജലസംഭരണിയെ അവഗണിച്ച മട്ടാക്കി. ടാങ്കിന് ചോർച്ചയുണ്ടെന്ന കാരണം നിരത്തിയാണ് അധികൃതർ കൈയൊഴിഞ്ഞതെന്നും യഥാർഥത്തിൽ കേടുണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
ടാങ്കിൽ വെള്ളമെത്താതായതോടെ നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളവും പ്രതിസന്ധിയിലായി.
ഉപയോഗമില്ലാതായ പദ്ധതിയുടെ തൂണുകൾ ഉൾപ്പടെ പിന്നീട് തുരുമ്പെടുത്തു നശിച്ചു. അമ്പലപ്പാറ പഞ്ചായത്തിന്റെ കുടിവെള്ളക്ഷാമം ഒരളവോളം പരിഹരിക്കുന്ന പദ്ധതിയാണ് സമഗ്ര കുടിവെളള പദ്ധതി.
ഇതിനായി മുരുക്കുംപറ്റയിൽ 8.5 ലക്ഷവും കടമ്പൂരിൽ 11.5 ലക്ഷവും ലിറ്റർ സംഭരണശേഷിയുള്ള കൂറ്റൻ ജലസംഭരണി യാഥാർഥ്യമാക്കിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ജീർണത ബാധിച്ച കൂമ്പാരംകുന്നത്തെ 54 വർഷം പിന്നിട്ട ജലസംഭരണിയുടെ ആവശ്യവും ഇനിയില്ല. ഈ സാഹചര്യത്തിൽ ജല സംഭരണി പൊളിച്ചുനീക്കി ആശങ്കയകറ്റണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.