ഒറ്റപ്പാലം: ചെറുമുണ്ടശ്ശേരി എ.യു.പി സ്കൂളിൽ ചിത്രശലഭങ്ങൾക്കായി ശലഭോദ്യാനമൊരുങ്ങി. ആവാസം നഷ്ടപ്പെടുന്ന ശലഭങ്ങൾക്ക് പുനരധിവാസം ഒരുക്കുന്നതിനൊപ്പം വിദ്യാർഥികൾക്ക് ഇവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾക്ക് അവസരം സൃഷ്ടിക്കുകയെന്നതും ശലഭോദ്യാനം ലക്ഷ്യമിടുന്നു. തൂതയിലെ തണൽ പരിസ്ഥിതി കൂട്ടായ്മയുടെ സഹകരണത്തോടെ വിദ്യാലത്തിലെ ഹരിത സേന യൂനിറ്റിന്റെ നേതൃത്വത്തിലാണ് ഉദ്യാനം സജ്ജീകരിച്ചത്.
ചിത്രശലഭങ്ങളെ ആകർഷിക്കുന്ന കിലുകിലുക്കി, ഗണപതിനാരകം, കൃഷ്ണകിരീടം, ഗരുഡക്കൊടി, അരളി, തെച്ചി, ചെമ്പരത്തി തുടങ്ങി 40ലേറെ വൈവിധ്യമുള്ള ചെടികളാണ് നട്ടുപിടിപ്പിച്ചത്. അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി. വിജയലക്ഷ്മി ചെടി നട്ട് ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ പി. മുഹമ്മദ് കാസിം, ഹരിതകർമ സേന കോഓഡിനേറ്റർ എൻ. അച്യുതാനന്ദൻ, പ്രധാനാധ്യാപിക കെ.എ. സീതാലക്ഷ്മി, കെ. മഞ്ജു, ടി. പ്രകാശ്, കെ. പ്രീത, ബി.പി. ഗീത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.