ഒറ്റപ്പാലം: ജലലഭ്യത കുറഞ്ഞതിനാൽ ജലഅതോറിറ്റിയുടെ പമ്പിങ് പ്രതിസന്ധിയിലായിരിക്കെ, മീറ്റ്നയിലെ ഭാരതപ്പുഴ തടയണയിലേക്ക് ഗായത്രി പുഴയിൽനിന്ന് വെള്ളമെത്തി. ഇതോടെ പമ്പിങ് പുനരാരംഭിക്കാൻ സഹായമാകും വിധം തടയണയിൽ ജലവിതാനമുയർന്നു.
വരണ്ട തടയണയിലേക്ക് വെള്ളമെത്തിക്കാൻ കണ്ടെത്തിയ ഏകപരിഹാരമായിരുന്നു ഗായത്രി പുഴയിലെ വെള്ളം. മന്ത്രി കെ. രാധാകൃഷ്ണനുമായി ഒറ്റപ്പാലം നഗരസഭ അധികൃതർ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇതേതുടർന്നാണ് കൊണ്ടാഴി-കുത്താമ്പുള്ളി പാലത്തിന്റെ നിർമാണം പുരോഗമിക്കുന്ന സ്ഥലത്ത് കെട്ടിനിൽക്കുന്ന വെള്ളം ചാലുകീറി തടയണയിൽ എത്തിക്കാനുള്ള പ്രവൃത്തി ആരംഭിച്ചത്. ഒന്നര കിലോമീറ്റർ ദൂരമുള്ള സ്ഥലത്തുനിന്ന് മണ്ണുമാന്തിയുടെ സഹായത്തോടെയാണ് തടയണ വരെ ചാലുകീറിയത്. തടയണ പരിസരത്ത് പമ്പിങ്ങിനായി ആശ്രയിക്കുന്ന കിണറിൽ ജലവിതാനം ഉയർന്നതോടെ രണ്ട് മോട്ടോറുകൾ പ്രവർത്തിപ്പിച്ചുതുടങ്ങി. ജലക്ഷാമത്തെ തുടർന്ന് ഇടക്കാലത്ത് പമ്പിങ് ഒരു മോട്ടോർ ഉപയോഗിച്ച് മാത്രമായിരുന്നു നടന്നിരുന്നത്.
ഒറ്റപ്പാലം നഗരസഭ, അമ്പലപ്പാറ പഞ്ചായത്ത് പരിധികളിലേക്കുള്ള ഏക കുടിവെള്ള സ്രോതസ്സാണ് മീറ്റ്ന തടയണ. ഇരു തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലായി 18,000 ലേറെ ഗുണഭോകതാക്കളാണ് ഇവിടുന്നുള്ള വെള്ളം ആശ്രയിക്കുന്നത്. പമ്പിങ് തടസ്സപ്പെട്ടതോടെ അമ്പലപ്പാറ പഞ്ചായത്തിലെ പലസ്ഥലങ്ങളിലും കുടിവെള്ളമെത്തിയിട്ട് നാലഞ്ച് ദിവസമായെന്ന് പ്രദേശവാസികൾ പറയുന്നു.
ഒറ്റപ്പാലം: മീറ്റ്ന തടയണയിൽ വെള്ളമില്ലാതെ കുടിവെള്ളക്ഷാമം നേരിട്ട വേളയിൽ പല അയൽവാസികളുടെയും ‘തനിനിറം’ കാണാൻ അവസരമായെന്ന് വെളിപ്പെടുത്തൽ. ഒറ്റപ്പാലം നഗരസഭ, അമ്പലപ്പാറ പഞ്ചായത്ത് എന്നിവയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ സ്രോതസ്സാണ് മീറ്റ്ന തടയണ. വെള്ളക്കുറവ് മൂലം രണ്ട് മോട്ടോറുകളിൽ ഒരു എണ്ണം മാത്രം പ്രവർത്തിച്ച വേളയിൽ വിശാലമായ പ്രദേശങ്ങളിൽ പലേടത്തും ശുദ്ധജല വിതരണം അസാധ്യമായി.
പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചുവരുന്നവർക്ക് കനത്ത പ്രഹരമാണ് ഇതുണ്ടാക്കിയത്. എന്നാൽ പൈപ്പ് കണക്ഷനും കിണറ്റിൽ വെള്ളവും ഉള്ളവർക്ക് പമ്പിങ് തടസ്സം ഒരു കോട്ടവും ഉണ്ടാക്കിയില്ല. ഈ അവസരത്തിൽ വെള്ളത്തിനായി അയൽവാസികളെ സമീപിച്ച പലർക്കും ദുരനുഭവമാണുണ്ടായതെന്നാണ് വെളിപ്പെടുത്തൽ. അധികജലമെടുത്താൽ കിണർ വറ്റുമെന്ന ആശങ്കയാണ് ചിലർ പങ്കുവെച്ചതെങ്കിൽ മറ്റുചിലർ ഗേറ്റ് പൂട്ടിയിടുകയായിരുന്നെന്നും പറയുന്നു.
വീട്ടിൽ വളർത്തുന്ന നായെ അഴിച്ചുവിട്ട സംഭവവും മറ്റൊരാളുടെ അനുഭവമാണ്. അതേസമയം കിണർ വറ്റിയാൽ നമുക്ക് ഒരുമിച്ച് അനുഭവിക്കാം എന്ന നിലപാടിൽ ആവശ്യമുള്ളവർക്ക് വെള്ളം കൊണ്ടുപോകാനായി ഗേറ്റ് തുറന്നിട്ട മഹാമനസ്കരും ഇവർക്കിടയിലുണ്ട്. ജലക്ഷാമം പരിഹരിക്കാൻ സ്വന്തം നിലയിൽ ടാങ്കർ വെള്ളം എത്തിച്ചവരും കുടിവെള്ളത്തിനായി മിനറൽ വാട്ടറിന്റെ വലിയ ജാറുകൾ വാങ്ങിയവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.