പാലക്കാട്: സുസ്ഥിര ഊർജോൽപാദനത്തിൽ പുതിയ കാൽവെപ്പുമായി പാലക്കാട് ഐ.ഐ.ടി. മൂത്രത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംവിധാനമാണ് ഐ.ഐ.ടി സിവിൽ എൻജിനീയറിങ് വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ. പ്രവീണയുടെ നേതൃത്വത്തിലുള്ള സംഘം വികസിപ്പിച്ചെടുത്തത്. മൂത്രത്തിന്റെ അയോണിക് ശക്തിയും ഇലക്ട്രോകെമിക്കൽ പ്രതിപ്രവർത്തനങ്ങളും ഉപയോഗിച്ചാണ് ‘സ്റ്റാക്ക്ഡ് റിസോഴ്സ് റിക്കവറി റിയാക്ടർ’ വൈദ്യുതി ഉൽപാദിപ്പിക്കുക.
വൈദ്യുതിക്കൊപ്പം ജൈവവളവും ഉൽപാദിപ്പിക്കുന്ന രീതിയിലാണ് ഉപകരണത്തിന്റെ പ്രവർത്തനമെന്ന് അധികൃതർ പറഞ്ഞു.ഏഴ് മുതൽ 12 വോൾട്ട് വരെ പരീക്ഷണഘട്ടത്തിൽ ഉൽപാദിപ്പിക്കുന്ന ഉപകരണം 24-48 മണിക്കൂറിൽ 10 ഗ്രാം ജൈവവളവും ഉൽപാദിപ്പിക്കും. പ്രവർത്തനം നിരീക്ഷിക്കാൻ ഡാറ്റ മോണിറ്ററിങ് സംവിധാനവുമുണ്ട്.
സിവിൽ എൻജിനീയറിങ് വകുപ്പിലെ ഡോ. പ്രവീണ ഗംഗാധരൻ, റിസർച് സ്കോളർ വി. സംഗീത, പ്രോജക്ട് സയന്റിസ്റ്റ് ഡോ. പി.എം. ശ്രീജിത്ത്, റിസർച് അസിസ്റ്റന്റ് റിനു അന്ന കോശി എന്നിവരടങ്ങിയ സംഘമാണ് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. കേന്ദ്ര ഡി.എസ്.ടി വകുപ്പിന് കീഴിൽ സീഡ് വിഭാഗത്തിന്റെ ധനസഹായത്തിൽ ആവിഷ്കരിച്ച സാങ്കേതികവിദ്യ പേറ്റന്റിനായി പദ്ധതി സമർപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.