‘താൻ കയറിയത് ഷാഫിയുടെ കാറിൽ, പ്രസ് ക്ലബ്ബിന്‍റെ മുന്നിൽ വച്ച് വാഹനം മാറിക്കയറി’; സി.പി.എമ്മിന് മറുപടിയുമായി രാഹുൽ

പാലക്കാട്: നീല ട്രോളി ബാഗ് വെച്ച കാറിലല്ല യു.ഡി.എഫ് സ്ഥാനാർഥി കയറിയതെന്ന സി.പി.എം ആരോപണത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. താൻ കയറിയത് ഷാഫി പറമ്പിലിന്‍റെ കാറിലെന്ന് രാഹുൽ മാധ്യമങ്ങളോട് വിശദീകരിച്ചു.

കുറച്ചുദൂരം ഷാഫിയുടെ വാഹനത്തിൽ യാത്ര ചെയ്തു. പ്രസ് ക്ലബ്ബിന്‍റെ മുന്നിൽ വച്ച് വാഹനം മാറിക്കയറി. കെ.ആർ ടവറിന്‍റെ മുന്നിൽ വച്ച് പെട്ടി ഉൾപ്പെടെയുള്ള വസ്തുക്കൾ മറ്റ് വാഹനത്തിലേക്ക് മാറ്റിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ട്രോളി ബാഗ് വെച്ച കാറിലല്ല രാഹുൽ മാങ്കൂട്ടത്തിൽ കയറിയതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമാണ് സി.സിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സി.പി.എം ആരോപിച്ചത്. രാഹുലിന്റെ വസ്ത്രങ്ങൾ ഉൾപ്പെട്ടതെന്ന് അവകാശപ്പെടുന്ന ട്രോളി ബാഗുമായി കെ.എസ്.യു നേതാവ് ഫെനി നൈനാൻ കെ.പി.എം ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി കാറിലേക്ക് ബാഗ് വെക്കുന്ന ദൃശ്യമാണ് പുറത്തുവിട്ടത്.

ട്രോളി ബാഗ് കാറിനകത്തു വെച്ച ശേഷം ഫെനി വീണ്ടും ഹോട്ടലിനകത്തേക്ക് പോവുകയും പിന്നാലെ മറ്റൊരു ബാഗുമായി തിരിച്ചു വരുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ, രാഹുൽ ഈ കാറിൽ കയറിയില്ല. പിന്നിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ കയറിയാണ് രാഹുൽ ഹോട്ടൽ വിട്ടത്.

കള്ളപ്പണം പിടിക്കപ്പെട്ടാൽ താൻ കുടുങ്ങരുതെന്ന ഉദ്ദേശ്യത്തോടെ രാഹുൽ മനഃപൂർവം മറ്റൊരു വാഹനത്തിൽ കയറുകയായിരുന്നു എന്നാണ് എൽ.ഡി.എഫിന്റെ ആരോപണം.

Tags:    
News Summary - Rahul Mamkootathil react to Blue Trolley Bag

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.