പാലക്കാട്: വികസനപ്രവർത്തനങ്ങൾക്ക് ഫണ്ടില്ലാതാവാതിരിക്കാൻ അംഗങ്ങൾ വിട്ടുവീഴ്ച മനോഭാവത്തോടെ കൈകോർക്കണമെന്ന് കൗൺസിൽ യോഗത്തിൽ നിർദേശം. നിലവിലെ സാഹചര്യത്തിൽ തുല്യമായി ഫണ്ട് വീതിക്കുന്ന സമ്പ്രദായം അപ്രായോഗികമാണെന്ന് കൗൺസിലിൽ വൈസ് ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് ചൂണ്ടിക്കാട്ടി. ഫണ്ടുകൾ കുത്തനെ വെട്ടിക്കുറച്ചതോടെ നടപ്പുസാമ്പത്തിക വർഷം വാർഡുകൾക്ക് 30,000 രൂപയാണ് പദ്ധതി വിഹിതമായി ലഭിച്ചത്. ഇതോടെ വികസനപ്രവർത്തനങ്ങൾ പലതും നിലച്ച മട്ടാണ്. അനുവദിച്ച പണം കൃത്യമായി വിനിയോഗിക്കുന്നതിലെ വീഴ്ചയാണ് സർക്കാർ ഫണ്ട് വെട്ടിക്കുറച്ചതിന് പിന്നിലെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. 16 ശതമാനം മാത്രമാണ് റോഡിതര ഫണ്ടിൽ നഗരസഭ ഉപയോഗപ്പെടുത്തിയതെന്നും പിന്നെങ്ങനെ ഫണ്ട് വെട്ടാതിരിക്കുമെന്നും കൗൺസിലർമാർക്കിടയിൽ നിന്ന് ചോദ്യമുയർന്നു. നഗരസഭ സ്വയം വിളിച്ചുവരുത്തിയ പ്രതിസന്ധിയാണ് നിലവിലേതെന്നും ആരോപണമുയർന്നു.
കഴിഞ്ഞ മൂന്നുവർഷംകൊണ്ട് വിവിധ ഗ്രാന്റുകളിലായി 37 കോടിയുടെ കുറവാണ് ഉണ്ടായത്. 20 ലക്ഷം വീതം വാർഡുകൾക്കായി വകയിരുത്തുമ്പോഴും നാലിലൊന്ന് പോലും നൽകാനാവാത്ത സാഹചര്യം. വാർഡുകളിലെ പ്രവൃത്തികൾ മുൻഗണനാടിസ്ഥാനത്തിൽ പ്രത്യേക കമ്മിറ്റിയുടെ നേതൃത്വത്തിൽ തരംതിരിക്കുകയും ക്രമാനുഗതമായി നടപ്പിലാക്കുകയും ചെയ്യുകയാണ് ആകെയുള്ള പോംവഴി. കൗൺസിലർമാർ വിട്ടുവീഴ്ച ചെയ്യണ്ടി വരുമെന്നായിരുന്ന് വൈസ് ചെയർമാൻ യോഗത്തിൽ പറഞ്ഞു.
മുൻ കൗൺസിലിൽ കൽപാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് തറവാടക പിരിക്കുന്നത് റദ്ദാക്കിയ നടപടിയിൽ തങ്ങളുടെ വിയോജനക്കുറിപ്പ് രേഖയാക്കിയില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു. കഴിഞ്ഞ കൗൺസിൽ യോഗത്തിന് ശേഷം സെക്രട്ടറിക്കും ക്ലർക്കിനും വിയോജനക്കുറിപ്പ് നൽകിയിരുന്നതായി യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് സാജോ ജോൺ പറഞ്ഞു. ഇത് നടപടിക്രമങ്ങൾക്കനുസരിച്ച് ഉൾച്ചേർക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് ബഹളം അവസാനിച്ചത്.
റോഡടക്കം പ്രവൃത്തികൾ പൂർത്തിയാക്കിയ കരാറുകാരുടെ ഇ.എം.ഡി തിരികെ നൽകുന്നതിന് മുമ്പ് ഗുണനിലവാരം ഉറപ്പാക്കണമെന്ന് കൗൺസിലർമാർ ആവശ്യമുന്നയിച്ചു. കഴിഞ്ഞ തവണ 13 കോടി അനുവദിച്ചിടത്ത് ഇത്തവണ ഒമ്പത് കോടിയാണ് നഗരസഭക്ക് സർക്കാർ പദ്ധതിയിനത്തിൽ അനുവദിച്ചിരിക്കുന്നതെന്ന് തുടർന്ന് ചെയർപേഴ്സൻ കൗൺസിലിനെ അറിയിച്ചു. റോഡ് നിർമാണത്തിൽ പുതുക്കിയ മാനദണ്ഡങ്ങൾ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 65 മില്ലി മീറ്റർ കനത്തിൽ നിർമിച്ചിരുന്ന റോഡ് പുതുക്കിയ മാനദണ്ഡപ്രകാരം 20 മില്ലിമീറ്ററാണ്. മിക്സ് സീൽ സർഫസ് (എം.എസ്.എസ്) അടക്കം നിർദേശങ്ങൾ നിലവിൽ വെല്ലുവിളിയായ സ്ഥിതിയാണെന്നും ചെയർപേഴ്സൻ പറഞ്ഞു. റോഡുകളിൽ വാട്ടർ അതോറിറ്റി കുഴിച്ച ശേഷം അറ്റകുറ്റപ്പണി നടത്തുന്നതിൽ വീഴ്ചവരുത്തുന്നതിൽ കത്ത് നൽകിയിട്ടുണ്ട്.
2010ൽ തിയറ്റർ- കൺവെൻഷൻ സെന്റർ നിർമിക്കാൻ അനുമതി തേടി അപേക്ഷ സമർപ്പിച്ച സംരംഭകന് അതിനായി 10 വർഷം അലയേണ്ടിവന്നുവെന്ന് വൈസ് ചെയർമാൻ കൗൺസിലിനെ അറിയിച്ച് ബഹളത്തിന് കാരണമായി. ഇതിനിടെ ഹൈകോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിട്ടും ചില ഉദ്യോഗസ്ഥർ അനുമതി നിഷേധിച്ച് ഫയൽ തട്ടിക്കളിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ തുടർന്ന് സംസാരിച്ച എം.ഇ 6000 ചതുരശ്രമീറ്ററിൽ അധികം ഭൂമിയിൽ അധികം നിലം നികത്തിയാണ് നിർമ്മാണമെന്ന് കൗൺസിലിനെ അറിയിച്ചു. നിലവിൽ കോടതിയുടേത് ഇടക്കാല ഉത്തരവാണ്. പുതുക്കിയ നിരക്കനുസരിച്ച് 75 ലക്ഷത്തോളം ഈ വകയിൽ സർക്കാറിന് ലഭിക്കേണ്ടതാണ്.
2010-11ൽ അംഗീകാരം നേടിയ പ്ലാൻ നവീകരിക്കാനാണ് സംരംഭകൻ 2015ൽ നഗരസഭയിൽ അപേക്ഷ നൽകിയത്. തുടർന്ന് ഉയർന്ന ഫീസ് ആവശ്യപ്പെട്ടതോടെ കോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.