പത്തിരിപ്പാല: അരനൂറ്റാണ്ടിലേറെയായി യാത്ര സൗകര്യമില്ലാതെ ദുരിതമനുഭവിക്കുകയാണ് ലക്കിടി പേരൂർ പഞ്ചായത്തിലെ പള്ളം തുരുത്തിലെ 50തോളം കുടുംബങ്ങൾ. റെയിൽവേ ലൈനിനും ഭാരതപുഴക്കും നടുവിലായിട്ടാണ് ഈ കുടുംബങ്ങൾ താമസിക്കുന്നത്. പത്തിരിപ്പാല ടൗണിൽ നിന്നും ഗ്രാമീണ റോഡിലൂടെ മൂന്നര കിലോമീറ്റർ സഞ്ചരിച്ച് വേണം റെയിൽവേ ട്രാക്കിന് സമീപത്തെത്താൻ.
പിന്നീട് ട്രാക്ക് മുറിച്ച് കടന്ന ശേഷം ഒരു കിലോമീറ്റർ കാൽനടയാത്ര ചെയ്ത് വേണം ഇവരുടെ വീടുകളിലെത്താൻ. നിരവധി വിദ്യാർഥികളടക്കമുള്ള യാത്രക്കാരും തൊഴിലാളികളും 50 വർഷമായി ദുരിതമനുഭവിക്കുകയാണിവിടെ. രോഗികളേയും മരണപ്പെട്ടവരേയും കിലോമീറ്ററോളം ചുമന്ന് ട്രാക്ക് മുറിച്ചുവേണം മറുകരയിലെത്തിക്കാൻ.
നെൽകൃഷിയും തെങ്ങ് കൃഷിയുമാണ് പ്രധാനവരുമാന മാർഗം. പക്ഷെ കാർഷിക യന്ത്രങ്ങൾ പോലും എത്തിപെടാൻ കിലോമീറ്റർ ചുറ്റണം. കൊയ്തെടുത്ത നെൽ തലച്ചുമടായി റെയിൽവേ ലൈനിന് മുകളിലൂടെ കടന്ന് വേണം മറുകരയിലെത്തിക്കാൻ. അത് കൊണ്ട് തന്നെ ഇരട്ടി ചിലവായതിനാൽ കൃഷിയിൽ വലിയ നഷ്ടമാണ്. പലരും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ്.
50 വീടുകളിലായി 300ലേറെ ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. അഞ്ച് എസ്.സി കുടുംബങ്ങളുമുണ്ട്. പള്ളംതുരുത്ത് പാടശേഖരത്തിൽ 265 ഏക്കറോളം ഭൂമിയിൽ നെൽകൃഷി ചെയ്ത് വരുന്നുണ്ട്. ചെറിയ വാഹനങ്ങൾ പോലും എത്തിപെടാത്തതിനാൽ പ്രദേശത്തെ ജനങ്ങൾ 50 വർഷത്തോളമായി ദുരിതം പേറുകയാണ്. യാത്രസൗകര്യമില്ലാത്തതിനാൽ പെൺകുട്ടികളുടെ വിവാഹം പോലും മുടങ്ങുന്ന അവസ്ഥ.
ലക്കിടി റെയിൽവെ സ്റ്റേഷന് സമീപത്തു നിന്നും റെയിൽവേ പാളത്തിനരികിലൂടെ തീരദേശ റോഡ് നിർമിക്കാൻ നടപടിയുണ്ടായെങ്കിലും അതും പാതിവഴിയിൽ മുടങ്ങിക്കിടപ്പാണ്. 1961 കാലത്തുണ്ടായിരുന്ന ആർച്ച് പാലം റെയിൽവേ പൊളിച്ച് നീക്കി ഇടുങ്ങിയ ഓവ് പാലമാക്കിയതോടെയാണ് കർഷകരും തുരുത്ത് നിവാസികളും ദുരിതത്തിലായത്.
അന്ന് ടാക്ടറടക്കമുള്ള വാഹനങ്ങൾ ഇത് വഴികടന്ന് പോയിരുന്നുവെന്ന് പൊതുപ്രവർത്തകനും പാടശേഖര സമിതി പ്രസിഡന്റുമായ ഞാലിയിൽ രാമകൃഷ്ണൻ പറഞ്ഞു. അന്നുണ്ടായിരുന്ന ആർച്ച് പാലം പുനഃസ്ഥാപിച്ച് പ്രദേശത്തെ ജനങ്ങളുടെ യാത്രാദുരിതം മാറ്റണമെന്നാവശ്യപെട്ട് പ്രധാനമന്ത്രി, റെയിൽവേ ജനറൽ മാനേജർ, ഡി.ആർ.എം പാലക്കാട്, ലക്കിടിപേരൂർ പഞ്ചായത്ത് എന്നിവർക്ക് പാടശേഖര സമിതി പ്രസിഡന്റ് കൂടിയായ രാമകൃഷ്ണൻ നിവേദനം നൽകിയിട്ടുണ്ട്. യാത്രാദുരിതം മാറാൻ ഇനി ഞങ്ങളെന്തു ചെയ്യണമെന്നാണ് പള്ളം തുരുത്തിലെ ജനങ്ങളുടെ ചോദ്യം? ജനപ്രതിനിധികളുടെ കണ്ണ് ഇനിയെങ്കിലും തുറക്കണമെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.